അഗത്തി : ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ (DYFI) ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പാർലമെന്ററി സമിതിക്ക് മുമ്പാകെ നിവേദനം സമർപ്പിച്ചു. DYFI സ്റ്റേറ്റ് സെക്രട്ടറി സഖാവ് യാസർ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സഖാവ് നസീർ എന്നിവർ ചേർന്ന് പാർലമെന്ററി കമ്മിറ്റി ചെയർമാനും ലോക്‌സഭാ അംഗവുമായ ശ്രീ. ശശി തരൂർ എംപിയ്ക്കും രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസിനുമാണ് അഗത്തിയിൽ വെച്ച് നിവേദനം കൈമാറിയത്. പട്ടികവർഗ തദ്ദേശീയരുടെ ഭൂവുടമസ്ഥാവകാശങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, പരമ്പരാഗത ഉപജീവന മാർഗങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ഉരുത്തിരിഞ്ഞിരിക്കുന്ന ഗുരുതരമായ ആശങ്കകൾ മുൻനിർത്തിയാണ് DYFI പാർലമെന്ററി സമിതിക്ക് നിവേദനം കൈമാറിയത്.

നിവേദനത്തിൽ അടിയന്തരമായി പരിഹരിക്കേണ്ട നിരവധി ഗുരുതര പ്രശ്‌നങ്ങൾ ഉന്നയിച്ചു. നിലവിലെ നിയമങ്ങൾ ലംഘിച്ച് കൊണ്ടുള്ള ഭൂമിയേറ്റെടുക്കലുകൾ, ഹൈക്കോടതി സ്റ്റേ ഉത്തരവുകളുടെ അവഗണന, തദ്ദേശീയ പട്ടികവർഗക്കാർക്ക് നഷ്ടപരിഹാരമില്ലാതെ നടത്തപ്പെടുന്ന ഭൂമിയേറ്റെടുക്കൽ, പാരിസ്ഥിതികമായി അത്യന്തം സമ്വേദനക്ഷമമായ മേഖലകളിൽ റൺവേ വികസനം തുടങ്ങിയവ ഉൾപ്പെടുത്തിയതാണ് നിവേദനത്തിന്റെ ഉള്ളടക്കം. കൂടാതെ ജനാധിപത്യ ഘടനയ്ക്കും തദ്ദേശഭരണ സംവിധാനങ്ങൾക്കും ഭീഷണിയാകുന്ന ഭരണഘടനാവിരുദ്ധ സമീപനങ്ങൾ തിരുത്തുക, PESA നിയമം ഉൾപ്പെടെയുള്ള തദ്ദേശീയരുടെ ഭരണാവകാശങ്ങൾ പുനഃസ്ഥാപിക്കുക, അവരുടെ പങ്കാളിത്തത്തോടെ സുസ്ഥിര ടൂറിസം വികസിപ്പിക്കുക എന്നീ ആവശ്യങ്ങളും DYFI നിവേദനത്തിലൂടെ മുൻപോട്ട് വെച്ചു.

ലക്ഷദ്വീപ് പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ നീതി, സുതാര്യത, ജനകീയ പങ്കാളിത്തം എന്നിവ ഉറപ്പാക്കുകയും അവിടത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്നും ഇതിനായി പാർലമെന്ററി സമിതിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും DYFI അംഗങ്ങൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here