കവരത്തി: ലക്ഷദ്വീപ് അത്‌ലറ്റിക്സ് അസോസിയേഷന് ആവശ്യമായ ഫണ്ട് ലക്ഷദ്വീപ് ഭരണകൂടം നൽകാത്തതിനെ തുടർന്ന് അസോസിയേഷന്റെ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ദേശീയ കായിക മീറ്റുകളിൽ ലക്ഷദ്വീപിലെ അത്‌ലറ്റിക്സ് താരങ്ങളെ പങ്കെടുപ്പിക്കാൻ അസോസിയേഷന് വലിയ സാമ്പത്തിക ചിലവുകൾ ഉണ്ട്. നേരത്തെ ഇത് ലക്ഷദ്വീപ് ഭരണകൂടം നൽകിയിരുന്നു. എന്നാൽ നിലവിൽ അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്നും ലക്ഷദ്വീപ് അത്‌ലറ്റിക്സ് അസോസിയേഷന് ഫണ്ടുകൾ അനുവദിക്കുന്നില്ല. ഇതിനെ തുടർന്നാണ് ലക്ഷദ്വീപിന്റെ യശസ്സ് വാനോളം ഉയർത്തിയ മുബസ്സിന മുഹമ്മദ് അടക്കമുള്ളവരുടെ ഭാവി തുലാസിൽ ആയിരിക്കുന്നത്. കഴിഞ്ഞ ദേശീയ മീറ്റുകളിൽ ലക്ഷദ്വീപിലെ അത്‌ലറ്റിക്സ് താരങ്ങളെ പങ്കെടുപ്പിച്ചത് വഴി അസോസിയേഷന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ഇതേ സ്ഥിതി തുടർന്നാൽ അടുത്ത സീസണിൽ മുബസ്സിന അടക്കമുള്ളവർ മറ്റു സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ദേശീയ മീറ്റുകളിൽ പങ്കെടുക്കാനാണ് ഉദ്ദേശിക്കുന്നത്. അഡ്മിനിസ്ട്രേഷനിൽ നിന്നും ആവശ്യമായ ഫണ്ട് കുടിശ്ശിക ഉൾപ്പെടെ ലഭിക്കുകയോ, സ്പോൺസർമാർ മുന്നോട്ട് വരികയോ ചെയ്യും എന്ന പ്രതീക്ഷയോടെയാണ് അസോസിയേഷൻ മുന്നോട്ട് പോകുന്നത്. അതുണ്ടായില്ലെങ്കിൽ താരങ്ങളുടെ ഭാവി മുന്നിൽ കണ്ട് അവരെ മറ്റു സംസ്ഥാനങ്ങൾ വഴി ദേശീയ മീറ്റുകളിൽ പങ്കെടുപ്പിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്.