കൊച്ചി: ലക്ഷദ്വീപ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പടെ മൂന്ന് പേർ ഒന്നരക്കിലോ അംബറുമായി (തിമിംഗല സ്രവം) കൊച്ചിയിൽ പിടിയിലായി. കൊച്ചി ഗാന്ധി നഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ വെച്ചാണ് കേരളാ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രണ്ടു പോലീസുകാരെ ഇന്നലെ പിടികൂടിയത്. ലക്ഷദ്വീപ് പോലീസിലെ ജാഫർ, നൗഷാദ് എന്നിവരാണ് പിടിയിലായത്.
അധികം പഴക്കമില്ലാത്ത അംബറാണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു. അംബർ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ചിരുന്നതായി അറിയുന്നു. പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഇത് വാങ്ങാൻ എന്ന് പറഞ്ഞാണ് ഡി.ജി.പിയുടെ ഡാൻസാഫ് ടീമിലെ ഉദ്യോഗസ്ഥർ കൊച്ചി ഗാന്ധി നഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ ഇന്നലെ എത്തിയത്. ഗസ്റ്റ് ഹൗസിലെ മുറിയിൽ എത്തിയ ഉദ്യോഗസ്ഥർ അവിടെ നടത്തിയ പരിശോധനയിലാണ് കോടികൾ വിലവരുന്ന അംബർ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ലക്ഷദ്വീപ് സ്വദേശി ഒരു കവർ തങ്ങളെ ഏല്പിച്ചിരുന്നതായും വെള്ളിയാഴ്ച സുഹൃത്തെത്തി വാങ്ങുമെന്നാണ് പറഞ്ഞതെന്നും പിടിയിലായവർ പോലീസിനോട് പറഞ്ഞു.
കവർ ഏല്പിച്ചയാൾ ഇന്നലെ ഉച്ചയ്ക്കുള്ള കപ്പലിൽ ലക്ഷദ്വീപിലേക്ക് പോയെന്നും കവറിൽ അംബറായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നും പിടിയിലായവർ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. ഇന്നലെ കപ്പലിൽ കയറിയ ആന്ത്രോത്ത് ദ്വീപ് സ്വദേശി ഇസ്ഹാഖ് എന്ന യുവാവിനെ ഇന്ന് രാവിലെ അഗത്തിയിൽ ഇറക്കി അവിടെ നിന്നും വിമാനം വഴി കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം.