
കൊച്ചി: മെഡിസിൻ ഫാക്കൽറ്റിയുടെ കീഴിൽ ക്ലിനിക്കൽ മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് (പിഎച്ച്.ഡി) കരസ്ഥമാക്കുന്ന ലക്ഷദ്വീപിലെ ആദ്യ ഗവേഷകനായി ഡോ. മുഹമ്മദ് അനീസ് ടി.എം. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ (ICU) ചികിത്സയിലുള്ള രോഗികളിൽനിന്ന് വേർതിരിച്ചെടുക്കുന്ന ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള പ്രധാന രോഗകാരികളായ Klebsiella pneumoniae, Acinetobacter baumannii എന്നീ ബാക്ടീരിയകളിൽ ബയോഫിലിം രൂപീകരണവും അതുമായി ബന്ധപ്പെട്ട ജനിതക ഘടകങ്ങളും പഠനവിധേയമാക്കിയാണ് ഗവേഷണം നടത്തിയത്. ബാക്ടീരിയകൾ തങ്ങളുടെ ഉപരിതലത്തിൽ രൂപപ്പെടുത്തുന്ന സംരക്ഷണപാളിയായ ബയോഫിലിം അണുബാധകൾ ചികിത്സിക്കാൻ കൂടുതൽ പ്രയാസകരമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
ഗവേഷണത്തിന്റെ ഭാഗമായി ഈ രണ്ട് ബാക്ടീരിയകളിലും ബയോഫിലിം രൂപീകരണവുമായി ബന്ധപ്പെട്ട ജീനുകളെ തിരിച്ചറിയുകയും അവയുടെ ജനിതക ശ്രേണികൾ (Gene Sequences) വിശകലനം ചെയ്യുകയും ചെയ്തു. ഗവേഷണത്തിലൂടെ കണ്ടെത്തിയ തിരഞ്ഞെടുത്ത ജീൻ സീക്വൻസുകൾ അന്താരാഷ്ട്ര ജനിതക വിവരശേഖരമായ NCBI GenBank-ൽ സമർപ്പിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ഈ ജനിതക വിവരങ്ങൾ ലഭ്യമാകുന്നതിനും ഭാവിയിലെ മൈക്രോബയോളജി, മോളിക്യുലാർ ബയോളജി ഗവേഷണങ്ങൾക്ക് പ്രയോജനപ്പെടുന്നതിനും ഇത് സഹായകമാകും.
എൻ.എസ്.യു.ഐ മുൻ സെക്രട്ടറിയും നിലവിലെ ലക്ഷദ്വീപ് പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം. നിറ്റെ ഡീംഡ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കെ.എസ്. ഹെഗ്ഡെ മെഡിക്കൽ അക്കാദമിയിൽ നിന്നാണ് മെഡിസിൻ ഫാക്കൽറ്റിയുടെ കീഴിൽ അദ്ദേഹം ഈ ഉന്നത നേട്ടം സ്വന്തമാക്കിയത്. സർവ്വകലാശാലയുടെ പതിനാറാമത് വാർഷിക ബിരുദദാന ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യത്തിനൊപ്പം അക്കാദമിക രംഗത്തും മികച്ച നേട്ടം കൊയ്യാൻ സാധിച്ചത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ തെളിവാണ്. ദ്വീപ് സമൂഹത്തിന് മുഴുവൻ അഭിമാനമായി മാറിയ ഈ ചരിത്രനേട്ടത്തിൽ നിരവധി പ്രമുഖരും നാട്ടുകാരും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.
















