കവരത്തി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ആസൂത്രണ, സ്ഥിതിവിവരക്കണക്ക്, നികുതി വകുപ്പിന്റെ (Directorate of Planning, Statistics & Taxation) കീഴിൽ ട്രാന്സ്പോർട്ട് സെക്ടർ എക്സ്പെർട്ട് (Transport Sector Expert) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നീതി ആയോഗിന്റെ ‘സ്റ്റേറ്റ് സപ്പോർട്ട് മിഷൻ’ (State Support Mission) പദ്ധതിയുടെ ഭാഗമായാണ് കരാറടിസ്ഥാനത്തിൽ ഈ നിയമനം നടത്തുന്നത്. കവരത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട ഈ തസ്തികയിലേക്ക് ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം സമാഹൃത വേതനമായി (Consolidated Pay) ഒരു ലക്ഷം രൂപ ലഭിക്കും.

ഷിപ്പിംഗ് മാനേജ്‌മെന്റ്, മാരിടൈം സ്റ്റഡീസ്, പോർട്ട് ആൻഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദമോ, അല്ലെങ്കിൽ ഷിപ്പിംഗ്/മാരിടൈം മാനേജ്‌മെന്റ്/ലോജിസ്റ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെയുള്ള എം.ബി.എ (MBA) / പി.ജി ഡിപ്ലോമയോ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവും പ്രോജക്ട് മാനേജ്മെന്റ്, റിപ്പോർട്ട് തയാറാക്കൽ എന്നിവയിലുള്ള കഴിവും നിർബന്ധമാണ്. അപേക്ഷകരുടെ പ്രായപരിധി അപേക്ഷ പുറപ്പെടുവിച്ച തീയതി അനുസരിച്ച് 50 വയസ്സിൽ കവിയാൻ പാടില്ല.

പ്രാഥമികമായി രണ്ടു വർഷത്തെ കരാർ കാലയളവിലേക്കായിരിക്കും നിയമനം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ വഴിയോ രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ അല്ലെങ്കിൽ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇമെയിൽ വഴി അപേക്ഷിക്കുന്നവർ lak-adps@nic.in എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. തപാൽ മാർഗ്ഗമോ നേരിട്ടോ അപേക്ഷിക്കുന്നവർ കവറിന് മുകളിലും, ഇമെയിൽ അയക്കുന്നവർ സബ്‌ജക്റ്റ് ലൈനിലും “Application for the Post of Transport Sector Expert under State Support Mission of NITI Aayog” എന്ന് വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25 വൈകുന്നേരം 6:00 മണി വരെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here