
കവരത്തി: ലക്ഷദ്വീപിൽ വൻകരയിൽ നിന്നുള്ള നിർമാണ തൊഴിലാളികളെ ഭരണകൂടം ബലംപ്രയോഗിച്ച് തിരികെ അയക്കുന്നതായി വ്യാപക പരാതി. ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് റെഗുലേഷന്റെ ഭാഗമായി ദ്വീപിൽ നടക്കുന്ന എല്ലാ നിർമാണ-അറ്റകുറ്റപ്പണികൾക്കും ലക്ഷദ്വീപ് ഭരണകൂടം നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികൾക്ക് പെർമിറ്റ് പുതുക്കി നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. നിർമാണ ജോലികൾ പൂർണ്ണമായും തടയുന്നതിന്റെ ഭാഗമായി പെർമിറ്റ് നിഷേധിച്ച് തൊഴിലാളികളെ നിർബന്ധപൂർവം നാട്ടിലേക്ക് മടക്കി അയക്കുകയാണ് ഭരണകൂടം.
കഴിഞ്ഞ ആഴ്ച അഗത്തിയിൽ നിന്ന് വർക്ക് പെർമിറ്റ് പുതുക്കാതെ മൂപ്പതോളം തൊഴിലാളികളെ ഇത്തരത്തിൽ തിരിച്ചയക്കാൻ ശ്രമം നടന്നിരുന്നു. ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകേണ്ട അടിയന്തര ആവശ്യക്കാരായ ദ്വീപ് നിവാസികൾക്ക് ടിക്കറ്റ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് ടിക്കറ്റില്ലാതെ കപ്പലിൽ യാത്ര അനുമതി നൽകാൻ ഭരണകൂടം ശ്രമിച്ചത്. ഇതിനെതിരെ എൻ.സി.പി (എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറിയുടെയും പ്രാദേശിക നേതാക്കളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവന്നു. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കുള്ള രോഗികൾക്ക് യാത്ര നിഷേധിക്കുകയും ടിക്കറ്റില്ലാത്ത യാത്രയ്ക്ക് ഭരണകൂടം അനുമതി നൽകുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ടിക്കറ്റില്ലാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് കപ്പൽ ക്യാപ്റ്റനും നിലപാടെടുത്തു. ഇതോടെ അഗത്തിയിൽ നിന്ന് കവരത്തിയിലേക്ക് പ്രത്യേക ഹൈസ്പീഡ് ക്രാഫ്റ്റ് വെസൽ ക്രമീകരിക്കുകയും, കവരത്തിയിൽ വെച്ച് തൊഴിലാളികൾക്ക് എമർജൻസി ക്വോട്ട (EQ) ടിക്കറ്റുകൾ നൽകി കപ്പൽ കയറ്റി വിടുകയുമായിരുന്നു.
എന്നാൽ, ഈ നടപടി ഇപ്പോഴും വിവിധ ദ്വീപുകളിൽ തുടർന്നുപോരുകയാണ്. ആന്ത്രോത്ത്, കൽപേനി തുടങ്ങിയ ദ്വീപുകളിൽ നിന്നും ഇന്ന് മടങ്ങിയ എം.വി ലക്ഷദ്വീപ് സീ എന്ന കപ്പലിൽ നിർമാണ തൊഴിലാളികൾക്ക് വ്യാപകമായി എമർജൻസി ക്വോട്ട ടിക്കറ്റുകൾ അനുവദിച്ചതായി രേഖകളിൽ കാണുന്നു. ജീവനക്കാരുടെയും രോഗികളുടെയും അടിയന്തര യാത്രകൾക്കായി നീക്കിവെച്ചിട്ടുള്ള എമർജൻസി ക്വോട്ട ടിക്കറ്റുകൾ നിർബന്ധിത ഒഴിപ്പിക്കലിനായി ദുരുപയോഗം ചെയ്യുന്നത് കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. കുടുംബം പുലർത്താൻ വേണ്ടി വൻകരയിൽ നിന്ന് ദ്വീപിലെത്തിയ നിർധനരായ തൊഴിലാളികളെയും, ചികിത്സ അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ട ദ്വീപ് നിവാസികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതാണ് ഭരണകൂടത്തിന്റെ ഈ നടപടി. കടുത്ത യാത്രാദുരിതത്തിനും ഈ അനീതിക്കുമെതിരെ ദ്വീപിൽ പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്.
















