
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ദ്വീപ് നിവാസികളുടെ ഭരണഘടനാപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങൾ ലംഘിക്കുന്നതായി ആരോപിച്ചു കൊണ്ട് ലക്ഷദ്വീപ് എം.പിയും ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. ഹംദുള്ള സഈദ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. വിഷയം അടിയന്തരമായി പരിഗണിച്ച് ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദമായ റിപ്പോർട്ട് തേടണമെന്നും നിഷ്പക്ഷമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യനാണ് എം.പി കത്തയച്ചത്.
ഉദ്യോഗസ്ഥർ മുൻകൂട്ടി നോട്ടീസോ അറിയിപ്പോ നൽകാതെ ദ്വീപ് നിവാസികളുടെ വീടുകളിൽ അനാവശ്യമായി പ്രവേശിക്കുകയും അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു. കുട്ടികളുടെ വിവാഹം ഉൾപ്പെടെയുള്ള സുപ്രധാന കുടുംബ ചടങ്ങുകൾക്കായി നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ പോലും ഉദ്യോഗസ്ഥർ തടയുന്ന അവസ്ഥയാണുള്ളത്. നിയമപരമായ യാതൊരു ഉത്തരവുകളോ കാരണങ്ങളോ വ്യക്തമാക്കാതെ ഉന്നതാധികാരികളുടെ മൗഖിക നിർദ്ദേശങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നടപടികൾ തുടരുന്നത്.
ഭരണകൂടത്തിന്റെ ഇത്തരം ഏകപക്ഷീയമായ ഇടപെടലുകൾ ജനങ്ങളുടെ സ്വകാര്യതയ്ക്കും ആത്മാഭിമാനത്തിനും നിയമപരമായ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. ദ്വീപ് നിവാസികളുടെ വീടുകളിലും നിയമാനുസൃതമായ അവകാശങ്ങളിലും നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ അടിയന്തരമായി തടയാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും, ലക്ഷദ്വീപ് ജനതയുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കാൻ കമ്മീഷന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കത്തിലൂടെ അദ്ദേഹം അഭ്യർത്ഥിച്ചു.
















