
കവരത്തി: ലക്ഷദ്വീപിൽ പൂർത്തിയായ വിവിധ വികസന പദ്ധതികളുടെയും പുതിയ സംരംഭങ്ങളുടെയും ഡിജിറ്റൽ ഉദ്ഘാടനം നാളെ (2026 ഒക്ടോബർ 11, ഞായറാഴ്ച) നടക്കും. കവരത്തിയിലെ സെക്രട്ടറിയേറ്റ് സെൻട്രൽ കോർട്ടിയാർഡിൽ വച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഉദ്ഘാടനം നിർവ്വഹിക്കും. വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കിൽത്താൻ, മിനിക്കോയ്, കവരത്തി, ചെത്ലാത്ത്, അമിനി എന്നീ ദ്വീപുകളിൽ പുതുതായി നിർമ്മിച്ച നന്ദ് ഘറുകൾ (Nand Ghars), ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴിൽ കിൽത്താൻ, കടമത്ത്, ചെത്ലാത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ച പെട്രോൾ, ഓയിൽ, ലൂബ്രിക്കന്റ്സ് (POL) ഔട്ട്ലെറ്റുകൾ, അന്തോത്തിൽ സ്ഥാപിച്ച സോളാർ പ്ലാന്റ് എന്നിവ നാളെ നാടിന് സമർപ്പിക്കും. ഇതോടൊപ്പം കേന്ദ്ര സർക്കാരിന്റെ എ.ഡി.ഐ.പി (ADIP), ആർ.വി.വൈ (RVY) പദ്ധതികൾക്ക് കീഴിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും വേദിയിൽ വച്ച് നടക്കുന്നതാണ്.
ഈ ചടങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ലക്ഷദ്വീപിനെ 100% സാക്ഷരത കൈവരിച്ച കേന്ദ്രഭരണ പ്രദേശമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്. വിദ്യാഭ്യാസ വകുപ്പാണ് ഇതിനാവശ്യമായ തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുള്ളത്. കവരത്തിയിലെ പ്രധാന വേദിയെയും പദ്ധതികൾ നടപ്പിലാക്കുന്ന വിവിധ ദ്വീപുകളിലെ കേന്ദ്രങ്ങളെയും തത്സമയം ബന്ധിപ്പിക്കുന്ന ദ്വിമുഖ ഡിജിറ്റൽ / വീഡിയോ കോൺഫറൻസിംഗ് (Two-way Video-Conferencing) സംവിധാനത്തിലൂടെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിനും പ്രസന്റേഷനുകൾക്കുമായി ദേശീയ വിവരവിജ്ഞാന കേന്ദ്രം (NIC), വിവര സാങ്കേതിക വിദ്യ വകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (IPR) വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ എല്ലാ സാങ്കേതിക സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങ് തടസ്സമില്ലാതെ സുഗമമായി നടത്തുന്നതിനായി അഡ്മിനിസ്ട്രേഷൻ വിവിധ വകുപ്പുകൾക്ക് കൃത്യമായ ചുമതലകൾ വീതിച്ചു നൽകിയിട്ടുണ്ട്. എൽ.പി.ഡബ്ല്യു.ഡി (LPWD) വകുപ്പ് പന്തൽ, അലങ്കാരം, സീറ്റിംഗ് ക്രമീകരണങ്ങൾ എന്നിവയും, പോലീസ് വകുപ്പ് സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ചടങ്ങ് നടക്കുന്ന സമയത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഇലക്ട്രിസിറ്റി വകുപ്പ് ഉറപ്പുവരുത്തും. സാങ്കേതിക തകരാറുകൾ ഒന്നുംതന്നെ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ എൻ.ഐ.സി, ഐ.ടി വകുപ്പുകളുമായി ചേർന്ന് അവസാനവട്ട ടെക്നിക്കൽ ട്രയലുകളും റിഹേഴ്സലുകളും പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചടങ്ങ് വലിയ വിജയമാക്കാൻ എല്ലാ വകുപ്പുകളും പൂർണ്ണ സഹകരണത്തോടെ പ്രവർത്തിക്കണമെന്ന് ലക്ഷദ്വീപ് ജനറൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രോട്ടോക്കോൾ കളക്ടർ ഇൻ ചാർജ്ജ് & സെക്രട്ടറി ശിവം ചന്ദ്ര ഉത്തരവിലൂടെ അറിയിച്ചു.
















