​ആന്ത്രോത്ത്: ദ്വീപിൽ ഡെങ്കിപ്പനിയും മറ്റ് പകർച്ചവ്യാധികളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വീടും പരിസരവും ശുചിയായി സൂക്ഷിക്കാൻ ജനങ്ങൾ അടിയന്തരമായി മുന്നോട്ടുവരണമെന്ന് ആന്ത്രോത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിർ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അഭ്യർത്ഥിച്ചു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും അനാവശ്യ വസ്തുക്കൾ കൂട്ടിയിട്ട് പരിസരം മലിനമാക്കുന്നതും രോഗകാരികളായ കൊതുകുകൾ പെരുകാൻ കാരണമാകുന്നുണ്ട്. മിക്ക വീടുകളിലും ജലസംഭരണികളിലെ ചോർച്ചയും കൊതുക് വളരാൻ അനുയോജ്യമായ സാഹചര്യങ്ങളും നിലനിൽക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

​രോഗവ്യാപനം ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുമ്പോഴും വേണ്ടത്ര ജാഗ്രത പുലർത്താനോ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനോ പലരും തയ്യാറാകുന്നില്ലെന്നത് ആശങ്കാജനകമാണ്. ഡെങ്കിപ്പനി പോലുള്ള മഹാമാരികളെ ചെറുക്കാൻ പരിസര ശുചിത്വമല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് അറിഞ്ഞിട്ടും ഇതിൽ വരുത്തുന്ന വീഴ്ച വരുംദിവസങ്ങളിൽ വലിയ ആരോഗ്യപ്രതിസന്ധിക്ക് വഴിതെളിക്കും. അതിനാൽ സ്വന്തം വീടും പരിസരവും കൊതുകുവിമുക്തമാണെന്ന് ഉറപ്പുവരുത്താൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് മെഡിക്കൽ ഓഫീസർ ഓർമ്മിപ്പിച്ചു.

​മുൻകാലങ്ങളിൽ ദ്വീപുകളിൽ റോഡുവശങ്ങളും പൊതുയിടങ്ങളും ശുചീകരിക്കുന്നതിന് പഞ്ചായത്തുകൾ മുന്നിൽ നിന്നിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പഞ്ചായത്തുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ആരും അറിയാതെ ഗ്രാമസഭകൾ കൂടുന്നു എന്ന കാര്യം പോലും ജനങ്ങൾ അറിയുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. എന്ന് തിരഞ്ഞെടുപ്പ് നടന്ന് പുതിയ ഭരണസമിതി നിലവിൽ വരുമെന്ന കാര്യത്തിലും വ്യക്തതയില്ല. അതിനാൽ തന്നെ, ആരോഗ്യകരവും ശുചിത്വമുള്ളതുമായ ഒരു ജീവിത അന്തരീക്ഷം ഉറപ്പാക്കുന്നതിനായി മെഡിക്കൽ ഓഫീസറുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പൊതുജനങ്ങൾ സ്വയം മുൻകൈയെടുത്ത് ശുചീകരണ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here