
കൊച്ചി: ലക്ഷദ്വീപ് എം.പിയും എൽ.ടി.സി.സി പ്രസിഡന്റുമായ അഡ്വ. മുഹമ്മദ് ഹംദുള്ളാ സഈദിന് എൻ.എസ്.യു.ഐ സംസ്ഥാന സെക്രട്ടറി അഷ്ഹർ ഷബീബ് എം അയച്ച രഹസ്യസ്വഭാവമുള്ള കത്തിനെക്കുറിച്ച് ‘ദ്വീപ് മലയാളി’ നൽകിയ വാർത്ത വ്യാജമാണെന്ന എൻ.എസ്.യു.ഐ സംസ്ഥാന കമ്മിറ്റിയുടെ വാദം മുഖം രക്ഷിക്കാനുള്ള കേവലം തന്ത്രം മാത്രമാണ്. സ്വന്തം സംഘടനയ്ക്കുള്ളിൽ പുകയുന്ന പ്രതിഷേധവും എം.പിക്കെതിരെയുള്ള അമർഷവും പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ, വിഷയം ലഘൂകരിക്കാനും മാധ്യമങ്ങൾക്കെതിരെ നിയമനടപടി ഭീഷണി മുഴക്കാനും മാത്രമാണ് എൻ.എസ്.യു.ഐ നേതൃത്വം പത്രക്കുറിപ്പിലൂടെ ശ്രമിച്ചിരിക്കുന്നത്. ജനങ്ങൾക്ക് മുന്നിൽ സത്യവും സുതാര്യതയും ഉറപ്പുവരുത്തേണ്ടത് ഒരു മാധ്യമ സ്ഥാപനമെന്ന നിലയിൽ ‘ദ്വീപ് മലയാളി’യുടെ ഉത്തരവാദിത്തമായതിനാൽ, എൻ.എസ്.യു.ഐ സംസ്ഥാന സെക്രട്ടറി നേരിട്ട് ഒപ്പുവെച്ച് അയച്ച ഔദ്യോഗിക കത്തിന്റെ പൂർണ്ണരൂപം ഞങ്ങൾ പൊതുസമക്ഷം പങ്കുവെക്കുകയാണ്.
കൊച്ചിയിൽ നിന്നും ഒക്ടോബർ 8-ന് എൻ.എസ്.യു.ഐ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് കബീർ ബി പ്രസ് റിലീസിലൂടെ പുറത്തുവിട്ട വിശദീകരണത്തിൽ, വാർത്ത പൂർണ്ണമായും വ്യാജമാണെന്നും എം.പിയെ താറടിച്ചുകാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിക്കുന്നു. എം.പിക്കും കോൺഗ്രസ് നേതൃത്വത്തിനും എൻ.എസ്.യു.ഐയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന വാർത്താക്കുറിപ്പ്, വാർത്ത പ്രസിദ്ധീകരിച്ച ‘ദ്വീപ് മലയാളി’ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ‘ദ്വീപ് മലയാളി’യുടെ മാധ്യമപ്രവർത്തകരെ ഫോണിൽ വിളിച്ച് വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളും മാധ്യമ ധർമ്മവും മുൻനിർത്തി, വാർത്തയുടെ ഉറവിടം യാതൊരു കാരണവശാലും വെളിപ്പെടുത്തില്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.



(എൻ.എസ്.യു.ഐ സംസ്ഥാന സെക്രട്ടറി അഷ്ഹർ ഷബീബ് എം, ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദിന് അയച്ച ഔദ്യോഗിക കത്തിന്റെ പൂർണ്ണരൂപം)
















