ആന്ത്രോത്ത്: ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കാൻ ആരംഭിച്ച ‘ലക്ഷദ്വീപ് കൺട്രി ആൻഡ് ടൗൺ പ്ലാൻ ഡെവലപ്മെന്റ് റെഗുലേഷൻ’ ദ്വീപുവാസികളുടെ സാധാരണ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആന്ത്രോത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ലീഗൽ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു.

​പുതിയ നിയമം നിലവിൽ വരുന്നതോടെ ജനങ്ങളുടെ പരമ്പരാഗത ഭൂമി അവകാശം, വീടുകളുടെ നിർമ്മാണം, മറ്റ് അടിസ്ഥാന വികസന പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. അഡ്മിനിസ്ട്രേഷന്റെ പുതിയ പരിഷ്കാരങ്ങൾ സാധാരണക്കാരായ ദ്വീപുവാസികളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഭദ്രതയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും യോഗത്തിൽ പങ്കുവെക്കപ്പെട്ടു.

​നിയമപരമായ വശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത സാധാരണക്കാരിലേക്ക് നിയമത്തിന്റെ ദോഷവശങ്ങൾ എത്തിക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിലും സമാനമായ ബോധവൽക്കരണ പരിപാടികളും നിയമസഹായ പ്രവർത്തനങ്ങളും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here