കവരത്തി: ലക്ഷദ്വീപ് നിവാസികളുടെ ഭാവിയെയും പരമ്പരാഗത ജീവിതരീതികളെയും പ്രതികൂലമായി ബാധിക്കുന്ന ‘ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷന്റെ’ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിശാലമായ ഗൃഹസമ്പർക്ക ബോധവത്കരണ ക്യാമ്പയിൻ തുടകമായി. “Patria Salve (Defend the atolls. Protect the future)” എന്ന പ്രമേയമുയർത്തിപ്പിടിച്ചാണ് ഈ ബഹുജന പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

​NYC കവറത്തി യൂണിറ്റിന്റെയും മഹിളാ പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് ലീഡർഷിപ്പിന്റെ മേൽനോട്ടത്തിലാണ് കവറത്തിയിൽ ഓരോ വീടുകളും കയറിയുള്ള പ്രചാരണം നടക്കുന്നത്. ജനങ്ങളുടെ ഭൂമിയവകാശങ്ങളെയും ദ്വീപിന്റെ പരിസ്ഥിതിപരമായ സന്തുലിതാവസ്ഥയെയും അട്ടിമറിക്കുന്ന നിയമ നിർമ്മാണത്തിനെതിരെ ദ്വീപുവാസികളിൽ ശക്തമായ ജാഗ്രത വളർത്താൻ ഈ ക്യാമ്പയിന് സാധിക്കുന്നുണ്ട്.

​എൻസിപി (എസ്‌പി) ലക്ഷദ്വീപ് പ്രസിഡന്റ് അഡ്വ. അറഫ, എൻസിപി (എസ്‌പി) സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ടി.പി. അബ്ദു റസാഖ്, എൻവൈസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി റഹ്മത്തുല്ല, എൻവൈസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഫ്സൽ, സ്റ്റേറ്റ് സെക്രട്ടറി മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

​ഇവർക്കൊപ്പം എൻസിപി (എസ്‌പി) കവരത്തി യൂണിറ്റ് വൈസ് പ്രസിഡന്റ് സി. സലീം, കവരത്തി യൂണിറ്റ് സെക്രട്ടറി റിയാസ് എം, എൻവൈസി കവരത്തി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് യാസീൻ എം തുടങ്ങിയ പ്രമുഖ നേതാക്കളും ക്യാമ്പയിന് നേതൃത്വം നൽകി വരുന്നു. വരും ദിവസങ്ങളിലും ദ്വീപിന്റെ നാളത്തെ സുരക്ഷ മുൻനിർത്തി പ്രചാരണ പരിപാടികൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here