കോഴിക്കോട്: ഉദ്യോഗാർത്ഥികൾക്കായി കരസേനാ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു. ഒക്ടോബർ 7 മുതൽ 16 വരെ കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളജ് ഗ്രൗണ്ടിലാണ് റാലി നടക്കുന്നത്. ലക്ഷദ്വീപിലെ യുവാക്കൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാനുള്ള മികച്ച അവസരമാണിത്. ലക്ഷദ്വീപിന് പുറമെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ നിന്നുള്ളവർക്കും മാഹിയിൽ നിന്നുള്ളവർക്കുമാണ് റാലിയിൽ പങ്കെടുക്കാൻ അർഹതയുള്ളത്. ഇതിൽ വനിതകൾക്കായുള്ള പ്രത്യേക റിക്രൂട്ട്മെന്റ് റാലി ഒക്ടോബർ 15-ന് നടക്കും. അഗ്നിവീർ വിഭാഗത്തിലേക്ക് ഈ വർഷം ജൂൺ 1 മുതൽ 12 വരെ നടന്ന കോമൺ എന്റ്രൻസ് എക്സാം (CEE) എഴുതി യോഗ്യത നേടിയവർക്കാണ് ഈ റാലിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

​എഴുത്തുപരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് റാലിയുടെ ഭാഗമായി ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റും മെഡിക്കൽ പരിശോധനയും ഉണ്ടാകും. റണ്ണിംഗ് (ഓട്ടം), പുൾ അപ്സ്, ഡിച്ച് ജംപ്, സിഗ്-സാഗ് ബാലൻസ് എന്നിവയാണ് കായികക്ഷമതാ പരിശോധനയിലെ പ്രധാന ഇനങ്ങൾ. കായികക്ഷമതാ പരീക്ഷ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഉയരം, നെഞ്ചളവ്, തൂക്കം എന്നിവ പരിശോധിക്കുന്ന ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റും തുടർന്ന് സൈനിക സേവനത്തിന് അനുയോജ്യമാണോ എന്ന് വിലയിരുത്തുന്ന അഡാപ്റ്റബിലിറ്റി ടെസ്റ്റും മെഡിക്കൽ പരിശോധനയും നടക്കും. റാലിയിൽ പങ്കെടുക്കാൻ യോഗ്യരായ ലക്ഷദ്വീപിലെ മുഴുവൻ ഉദ്യോഗാർത്ഥികളും ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് കോഴിക്കോട്ട് ഹാജരാകേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here