
AI-Generated Image
കൊച്ചി: കൊച്ചി തീരത്തിനടുത്ത് കടലിൽ നടത്തിയ പട്രോളിംഗിനിടെ അനധികൃതമായി വിദേശമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും കടത്താൻ ശ്രമിച്ച സംഭവത്തിൽ ലക്ഷദ്വീപ് സ്വദേശികളായ നാല് പേരെ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാ ഗവൺമെന്റിന്റെ കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടേഴ്സ് നമ്പർ 04-ൽ നിന്നുള്ള ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി കമാൻഡന്റ് സുന്ദീപ് കുമാർ സെയ്നും സംഘവും ചേർന്നാണ് അറബിക്കടലിൽ വെച്ച് ബോട്ട് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഫോർട്ട് കൊച്ചി തീരത്തുനിന്നും ഏകദേശം 10 കിലോമീറ്റർ അകലെ കടലിൽ വെച്ചാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളായ മുഹമ്മദ് ഫത്തറുദ്ദീൻ കുന്നാശാട (33), ഖാജൽ ഫൈസൽ കെ.ടി. (29), മുഹമ്മദ് മൻസൂർ പി.എൻ. (31), സർബാസ് അലി എം. (27) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ‘IND-LD-AN-MM-228’ നമ്പർ ബോട്ടിൽ നിന്നാണ് വ്യാജവും അനധികൃതവുമായ 02 ലിറ്റർ മദ്യവും, പോളിത്തീൻ കവറുകളിൽ സൂക്ഷിച്ചിരുന്ന 37 ചെറിയ പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ‘ഹാൻസും’ പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡിന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങാതെ രക്ഷപ്പെടാൻ ശ്രമിച്ച ബോട്ടിനെ പിന്തുടർന്നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
അതേസമയം, നാട്ടുകാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരുടെ സാധനങ്ങൾ തങ്ങൾ ഏറ്റെടുത്ത് നാട്ടിൽ എത്തിച്ചു നൽകാറുണ്ടെന്നും അങ്ങനെ ആരോ തന്ന സാധനങ്ങൾക്കിടയിലാണ് ലഹരി വസ്തുക്കൾ ഉണ്ടായിരുന്നതെന്നും ബോട്ടിന്റെ ബന്ധപ്പെട്ടവർ അറിയിച്ചു. ഇനിമുതൽ ആരുടെയും ഒരു സാധനങ്ങളും ഏറ്റെടുക്കില്ലെന്നും അവർ വ്യക്തമാക്കി.
പിടിച്ചെടുത്ത തൊണ്ടി മുതൽ ഉൾപ്പെടെ പ്രതികളെ കൊച്ചി തീരത്തെത്തിച്ച് തുടർനടപടികൾക്കായി ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസിന് കൈമാറുകയായിരുന്നു. ലക്ഷദ്വീപിൽ ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായാണ് കൃത്യമായ രേഖകളില്ലാതെ ഇവർ കൊച്ചിയിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കടത്താൻ ശ്രമിച്ചതെന്ന് സന്ദേഹിക്കുന്നു. തുടർന്ന് അബ്കാരി ആക്ട് 55(a), കോട്പ (COTPA) ആക്ട് 6 എന്നീ വകുപ്പുകൾ പ്രകാരം കേസ് (FIR No. 0021/2026) രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം ഫോർട്ട് കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I മുൻപാകെ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
















