
ആലുവ: പ്രമുഖ ഇസ്‌ലാമിക മത വിജ്ഞാന ആത്മീയ കേന്ദ്രമായ കുന്നത്തേരി മദ്റസാ നൂറുൽ ഇർഫാൻ അറബിക് കോളേജിന്റെ 60-ാം വാർഷിക ഡയമണ്ട് ജൂബിലി ആഘോഷങ്ങളും ഏഴാമത് സനദ് ദാന സമ്മേളനവും 2027 ഏപ്രിൽ 16, 17, 18 തീയതികളിൽ വിപുലമായ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു. “സൂഫികൾ ദീനിന്റെ കാവലാളുകൾ” എന്ന പ്രമേയത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. ദീനീ വിജ്ഞാന രംഗത്തും ആത്മീയ സംസ്കരണത്തിലും ആറു പതിറ്റാണ്ടുകളായി സ്ഥാപനം നൽകിയ സംഭാവനകളെ അനുസ്മരിക്കുന്നതായിരിക്കും ആഘോഷപരിപാടികൾ.
സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുതവല്ലി കെ.പി. തങ്ങകോയ തങ്ങൾ, പ്രധാന ഖലീഫ ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ് മുഹിയുദ്ദീൻ ബാദുൽ അശ്അബ് തങ്ങൾക്ക് കൈമാറി നിർവ്വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.പി. സയ്യിദ് ഫസൽ തങ്ങൾ ഉൾപ്പെടെയുള്ള മറ്റ് കമ്മിറ്റി ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു.
1967-ൽ ആത്മീയജ്ഞാനിയും കവിയുമായ ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ എ.ഐ. മുത്തുക്കോയ തങ്ങളാണ് കുന്നത്തേരിയിൽ മദ്റസാ നൂറുൽ ഇർഫാൻ അറബിക് കോളേജ് എന്ന സ്ഥാപനത്തിന് തറക്കല്ലിട്ടതും സ്ഥാപിച്ചതും. സ്ഥാപക തങ്ങളുടെ വഫാത്തിന് ശേഷം ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് കമാലുദ്ദീൻ എം. മുത്തുക്കോയ തങ്ങൾ, ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ് കെ.പി. ശിഹാബുദ്ദീൻ കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം മുൻപോട്ടുപോയത്.
സ്ഥാപനം സ്ഥാപിതമായ കാലം തൊട്ട് തസ്വവ്വുഫിന്റെയും (ആത്മീയ ശുദ്ധീകരണം) സൂഫി ധാരകളുടെയും പാരമ്പര്യം വരുംതലമുറകളിലേക്ക് പകർന്നുനൽകുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചുവരുന്നത്. ഖുർആൻ, ഹദീസ്, ഫിഖ്ഹ് എന്നിവയ്ക്കൊപ്പം ആത്മീയ ജ്ഞാനത്തിന് വലിയ പ്രാധാന്യം നൽകുന്ന പഠനരീതിയാണ് സ്ഥാപനത്തിലുള്ളത്. സൂഫി സരണിയെയും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ ആശയാദർശങ്ങളെയും സംരക്ഷിക്കുന്നതിൽ മഹത്തായ സംഭാവനകളാണ് നൂറുൽ ഇർഫാൻ നൽകിയിട്ടുള്ളത്. അപൂർവ്വങ്ങളായ സൂഫി ഗ്രന്ഥങ്ങളും തസവ്വുഫ് പഠന ശേഖരങ്ങളും ഉൾക്കൊള്ളുന്ന വലിയൊരു ഗ്രന്ഥശേഖരവും ലൈബ്രറി സംവിധാനങ്ങളും നൂറുൽ ഇർഫാനിലുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമായി വ്യാപിച്ചുകിടക്കുന്ന മഹളറത്തുൽ ഖാദിരിയ്യകൾ സ്ഥാപനത്തിന്റെ ആത്മീയ മുന്നേറ്റങ്ങൾക്ക് കരുത്തുപകരുന്നു.
2027 ഏപ്രിലിൽ നടക്കുന്ന ഡയമണ്ട് ജൂബിലി സമ്മേളനം നാടിന്റെ ആത്മീയ-സാമൂഹിക രംഗത്ത് വലിയൊരു നാഴികക്കല്ലായി മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സ്വൂഫീ ഗായകരുടെ സംഗമങ്ങൾ, ഖിസ്സപ്പാട്ടുമായി ബന്ധപ്പെട്ട പരിപാടികൾ, മറ്റ് വിവിധ സെഷനുകളിലായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, രാജ്യത്തെ വിവിധ സൂഫി കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കാളികളാകും.
















