
കട്മത്ത്: സിൽവർ സാൻഡ് ക്ലബ്ബിന്റെ (SSCC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘SILSA U/14 Rising Star Soccer Cup 2026’ ഫുട്ബോൾ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ കമ്മട്ടിപ്പാടം ടീം ടൂർണമെന്റിലെ ചാമ്പ്യൻമാരായി കിരീടം ചൂടി. സിൽ സാ ഗാലക്സി ടീമാണ് റണ്ണറപ്പായത്. വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.
യുവ ഫുട്ബോൾ പ്രതിഭകളുടെ മാസ്മരിക കളിമികവും മികച്ച സംഘാടനവും കൊണ്ട് ഏറെ ശ്രദ്ധേയമായ മത്സരങ്ങളുടെ സമാപന ചടങ്ങും സമ്മാനദാനവും സെപ്റ്റംബർ 19-ന് വൈകുന്നേരം 4:30-ന് നടന്നു. ചടങ്ങിൽ ടൂർണമെന്റ് കൺവീനർ ഉമ്മർ ഫാറൂഖ് എം.എം. സ്വാഗതം ആശംസിച്ചു. എസ്.എസ്.സി.സി. പ്രസിഡന്റ് റഹ്മത്തുല്ല അൻസാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കട്മത്ത് പ്രിൻസിപ്പലും ആർ.എസ്.സി. ചെയർമാനുമായ ഡോ. മിർസാദ് ഖാൻ മുഖ്യതിഥിയായി പങ്കെടുത്തു സംസാരിച്ചു. എസ്.എസ്.സി.സി. മുൻ പ്രസിഡന്റ് മോദ് സാദിഖ് എം.ഐ. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
കൗമാരക്കാരായ കളിക്കാരുടെയും പങ്കെടുത്ത വിവിധ ടീമുകളുടെയും ആവേശകരമായ പങ്കാളിത്തം കൊണ്ട് വലിയ ജനശ്രദ്ധയാകർഷിച്ച ടൂർണമെന്റ് നാടിന്റെയും കായികപ്രേമികളുടെയും ഒന്നടങ്കമുള്ള പ്രശംസ ഏറ്റുവാങ്ങിയാണ് സമാപിച്ചത്.
















