
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ദ്വീപ് നിവാസികളുടെ ഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചുമാറ്റാനും തെങ്ങുകൾ മുറിച്ചുമാറ്റാനും ലക്ഷ്യമിട്ട് നിരവധി ആളുകൾക്ക് ഷോക്കോസ് നോട്ടീസുകൾ അയക്കുകയാണെന്നും എൻ.സി.പി (ശരദ് പവാർ വിഭാഗം) ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റും നിയമവിദഗ്ധനുമായ അഡ്വ. കോയ അറഫാ മിറാജ് പറഞ്ഞു. നിയമവിരുദ്ധമായ നിർമ്മാണങ്ങളോ പൊതുജനങ്ങൾക്ക് ഹാനികരമായ രീതിയിലുള്ള കൈയേറ്റങ്ങളോ ഉണ്ടായാൽ നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് അവകാശമുണ്ടെങ്കിലും, അത് കൃത്യമായ നിയമനടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണകൂടം കൃത്യമായ നിയമനടപടിക്രമങ്ങൾ പാലിക്കാതെയാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെങ്കിൽ അതിനെ ചോദ്യം ചെയ്യാനും നോട്ടീസുകൾ കൈപ്പറ്റാൻ വിസമ്മതിക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അഡ്വ. കോയ അറഫാ മിറാജ് അഭിപ്രായപ്പെട്ടു. ഇതിനായി ദ്വീപ് നിവാസികൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും നിലവിലുള്ള നിയമങ്ങളെക്കുറിച്ചും പൂർണ്ണ ബോധവാന്മാരാകേണ്ടതുണ്ട്. നിയമപരമായ സംശയങ്ങൾ ഉള്ളവർക്ക് പാർട്ടി ഓഫീസുകളെയോ അഭിഭാഷകരെയോ മുക്തിയാർമാരെയോ മറ്റ് നിയമവിദഗ്ധരെയോ സമീപിച്ച് ആവശ്യമായ നിയമസഹായങ്ങൾ തേടാവുന്നതാണ്.
നിലവിൽ ഭരണകൂടം പ്രധാനമായും രണ്ട് തരത്തിലുള്ള നോട്ടീസുകളാണ് നൽകിവരുന്നത്. ഭൂമിയുടെ ഉപയോഗം മാറ്റുന്നതുമായി ബന്ധപ്പെട്ട ‘ഡൈവേർഷൻ സർട്ടിഫിക്കറ്റ്’ വേണമെന്ന ആവശ്യവും, കെട്ടിടങ്ങളുടെ പരമാവധി ശേഷി (Max Capacity) നിശ്ചയിച്ചുകൊണ്ടുള്ള നോട്ടീസുമാണവ. എന്നാൽ ഈ രണ്ടു വിഷയങ്ങളിലും ഭരണകൂടം ഇതുവരെ വ്യക്തമായ ഉത്തരവുകളിലൂടെ കൃത്യമായ ചട്ടങ്ങളോ നിർവ്വചനങ്ങളോ പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ ഇത്തരം നോട്ടീസുകൾക്കെതിരെ കോടതിയെ സമീപിച്ചാൽ അനുകൂലമായ സ്റ്റേ ഉത്തരവുകൾ ലഭ്യമാക്കാൻ സാധിക്കും.
ഭരണകൂടത്തിന്റെ നോട്ടീസുകൾ കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആർക്കും സ്വന്തം വീടുകളോ ഭൂമിയോ നഷ്ടപ്പെടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ഭയപ്പാടോടെ പിന്മാറുന്നതിന് പകരം നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും സംഘടിതമായി നിയമപോരാട്ടം നടത്തുകയുമാണ് വേണ്ടതെന്നും അഡ്വ. കോയ അറഫാ മിറാജ് ഓർമ്മിപ്പിച്ചു.
















