
അഗത്തി: ലക്ഷദ്വീപിൽ വാട്ടർ എയറോഡ്രോമുകൾ യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) നേതൃത്വത്തിൽ അഗത്തി വിമാനത്താവള അധികൃതർ കടലിൽ സമഗ്രമായ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള വ്യോമയാന സർവീസുകളുടെ സുരക്ഷയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുരക്ഷാ പരിശീലനം നടത്തിയത്.
ലക്ഷദ്വീപ് ഭരണകൂടം, ലക്ഷദ്വീപ് പോലീസ്, ഫയർ സർവീസ് വകുപ്പ്, ഇന്ത്യ റിസർവ് ബറ്റാലിയൻ (IRBn), രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, സ്കൈഹോപ്പ് എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് അഗത്തിയിൽ മോക്ക് ഡ്രിൽ പൂർത്തിയാക്കിയത്. ജലത്തിൽ അടിയന്തര ഘട്ടങ്ങളിൽ നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളുടെയും പ്രതികരണ ശേഷിയുടെയും കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഈ പരീക്ഷണം സഹായകരമായി.
















