
കവരത്തി: പാർലമെൻ്റ് മെമ്പറുടെ പ്രാദേശിക വികസന ഫണ്ട് (MPLAD) വഴിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൽ അനാവശ്യമായ തടസ്സങ്ങളും കാലതാമസവും വരുത്തുന്ന ലക്ഷദ്വീപ് ഭരണകൂടത്തിനും ജില്ലാ കളക്ടർക്കുമെതിരെ രൂക്ഷവിമർശനവുമായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ളാ സഈദ്. കവരത്തിയിൽ ചേർന്ന ജില്ലാ വികസന ഏകോപന-മേൽനോട്ട സമിതി (ദിശ) യോഗത്തിനിടയിലാണ് കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സാക്ഷിയാക്കി എംപി തൻ്റെ കടുത്ത അമർഷം രേഖപ്പെടുത്തിയത്.
ജനപ്രതിനിധികൾ നിർദേശിക്കുന്ന വികസന പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്ന് യോഗത്തിൽ എംപി ഓർമ്മിപ്പിച്ചു. നടപടിക്രമങ്ങളുടെ പേരുപറഞ്ഞ് എം.പി ഫണ്ട് ഉപയോഗിച്ചുള്ള ജനക്ഷേമ പദ്ധതികൾ അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്ന ഭരണകൂടത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഇത്തരം നിഷേധാത്മക സമീപനം ദ്വീപിന്റെ വികസനത്തെയും ജനങ്ങളുടെ അവകാശങ്ങളെയും നേരിട്ട് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ, കഴിഞ്ഞ ദിവസം അഗത്തിയിൽ പൊതുപ്രവർത്തകർക്കുനേരെ ഉണ്ടായ പോലീസ് അതിക്രമത്തിലും എം.പി ശക്തമായ വിയോജിപ്പ് യോഗത്തിൽ അറിയിച്ചു. ജനാധിപത്യപരമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന പൊതുപ്രവർത്തകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ഭരണകൂടത്തെ ധരിപ്പിച്ചു.
യോഗത്തിനുശേഷം ലക്ഷദ്വീപ് ഭരണകൂടത്തിലെ അഡ്വൈസറുമായി എം.പി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും വിഷയം ഉന്നയിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിൽ നടന്ന ഈ ശക്തമായ പ്രതികരണത്തോടെ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരായ ശബ്ദം ജനപ്രതിനിധികളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന വലിയ സന്ദേശമാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകിയത്.
















