
ബാങ്കോക്: ബാങ്കോക്കിൽ നടക്കുന്ന 19-ാമത് ഇൻഫോഫിഷ് വേൾഡ് ട്യൂണ കോൺഫറൻസിൽ (INFOFISH World Tuna Conference 2026) ലക്ഷദ്വീപ് പ്രാതിനിധ്യത്തിന് ചരിത്രപരമായ അംഗീകാരം. ലോകമെമ്പാടുമുള്ള പ്രധാന ചൂരമത്സ്യ വ്യവസായ രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത ആഗോള സമ്മേളനത്തിൽ അന്ത്രോത്ത് ഐലൻഡ് ഫിഷർമെൻ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് അൽത്താഫ് ഹുസൈൻ പ്രത്യേകമായി ആദരിക്കപ്പെട്ടു. കംബോഡിയ, ഫിജി, തായ്‌ലാന്റ്, മലേഷ്യ, മാലിദ്വീപ്, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ്, കിരിബാത്തി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഈ ആഗോള വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.
ചൂരമത്സ്യ നിർമ്മാണ മേഖലയിൽ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളും ഉപഗ്രഹ അധിഷ്ഠിത മോണിറ്ററിംഗ് സംവിധാനങ്ങളും കോൺഫറൻസിന്റെ ഭാഗമായുള്ള എക്സിബിഷനിൽ പ്രദർശിപ്പിച്ചു. നിലവിൽ നാൽപ്പതോളം രാജ്യങ്ങളിലെ സർക്കാരുകൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഫിഷറീസ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും സാറ്റ്‌ലിങ്കിന്റെ ഉപഗ്രഹ സാങ്കേതികവിദ്യയും വേൾഡ് ട്യൂണ കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളാണ്. ലക്ഷദ്വീപിലെ പരമ്പരാഗതമായ പോൾ-ആൻഡ്-ലൈൻ (Pole-and-line) ട്യൂണ ഫിഷിംഗ് രീതിയിൽ സ്വാഭാവികമായി ഉപയോഗിക്കുന്ന സുതാര്യമായ പ്രക്രിയയ്ക്ക് ആഗോള സാങ്കേതികവിദ്യകളുമായി വലിയ സമാനതയുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ഏറ്റവും സാധ്യതയുള്ള ബ്ലൂ ഇക്കോണമി മേഖലയായ ലക്ഷദ്വീപിന്റെ ചൂരമത്സ്യ വ്യവസായത്തിൽ നിക്ഷേപകർക്കും വിപണനക്കാർക്കും വലിയ അവസരങ്ങളാണ് മുന്നിലുള്ളതെന്ന് ടീം ട്യൂണ ലക്ഷദ്വീപ് വ്യക്തമാക്കുന്നു. സെപ്റ്റംബർ 16 വരെ തുടരുന്ന ഈ സമ്മേളനത്തിൽ ലക്ഷദ്വീപിലെ മത്സ്യബന്ധന സാധ്യതകൾ ഏകോപിപ്പിക്കുന്നതിനും കൂടുതൽ വിപണി ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമായി അന്ത്രോത്ത് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് അൽത്താഫ് ഹുസൈൻ, എൻ.എസ് സീഫുഡ്‌സ് ഗ്ലോബൽ ബിസിനസ് ഡെവലപ്‌മെന്റ് പ്രതിനിധി ജയ് എം എന്നിവർ സജീവമായി രംഗത്തുണ്ട്.
















