കവരത്തി: ലക്ഷദ്വീപിൽ കഴിഞ്ഞ 46 വർഷമായി നിലവിലുണ്ടായിരുന്ന മദ്യനിരോധന നയം അട്ടിമറിച്ചുകൊണ്ട് ഭരണകൂടം കൊണ്ടുവന്ന ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കവരത്തി ദ്വീപിൽ സർവകക്ഷി പൊതുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ദേശീയ പതാകകളേന്തി കവരത്തി സ്കൂൾ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന വൻ പ്രതിഷേധ റാലിയിൽ ദ്വീപിന്റെ വിവിധ കോണുകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഹംസക്കോയ സഖാഫിയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

​പ്രതിഷേധ സമ്മേളനം അഭിസംബോധന ചെയ്ത കവരത്തി ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് സഖാഫി ഭരണകൂടത്തിന്റെ പുതിയ മദ്യനയത്തെ ശക്തമായി വിമർശിച്ചു. ഭാരതത്തിന് തന്നെ അഭിമാനമായി എന്നും ശാന്തിയും സൗഹാർദ്ദവും കാത്തുസൂക്ഷിക്കുന്ന ലക്ഷദ്വീപിൽ, സന്ദർശകരെ ഇളനീർ നൽകി സ്നേഹപൂർവ്വം സ്വീകരിക്കുന്ന ഉദാത്തമായ ഒരു സംസ്കാരമാണ് നിലനിൽക്കുന്നതെന്നും അതിനിടയിലേക്ക് മദ്യം പറിച്ച് നടേണ്ട സാഹചര്യം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം നയപരമായ മാറ്റങ്ങൾ ദ്വീപ് നിവാസികളുടെ സമാധാനം കെടുത്തുക മാത്രമല്ല, പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് പോലും വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഖത്തീബ് മുഹമ്മദ് സഖാഫി കൂട്ടിച്ചേർത്തു.

www.dweepmalayali.com

​ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ആഷിഖ് ഫൈസി, ദ്വീപിലെ പൊതുജനാഭിപ്രായത്തെയും വികാരത്തെയും മാനിച്ചുകൊണ്ട് ലക്ഷദ്വീപ് ഭരണകൂടം പുതിയ മദ്യനയത്തിൽ നിന്ന് അടിയന്തരമായി പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യത്തിന് വിരുദ്ധമായി മുന്നോട്ട് പോയാൽ, ഭാവിയിൽ ഇതിലും ശക്തമായ ജനകീയ പ്രതിരോധങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഭരണകൂടം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

​കവരത്തി സ്കൂൾ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഈ സർവകക്ഷി പ്രതിഷേധ റാലിയിൽ ലക്ഷദ്വീപിലെ പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്, എൻ.സി.പി (എസ്.പി), സി.പി.ഐ (എം) എന്നിവയുടെ പ്രതിനിധികളും വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകരും സജീവമായി പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here