
കവരത്തി: ലക്ഷദ്വീപിൽ പുതുതായി നടപ്പിലാക്കിയ എക്സൈസ് റഗുലേഷൻ ഉത്തരവ് പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (SJM) ലക്ഷദ്വീപ് ജില്ലാ കമ്മിറ്റി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം സമർപ്പിച്ചു. ലക്ഷദ്വീപ് ജില്ലാ കളക്ടർ ശിവം ചന്ദ്ര ഐ.എ.എസിന് നേരിട്ടെത്തിയാണ് സംഘടന ഭാരവാഹികൾ നിവേദനം കൈമാറിയത്.
വിവിധ ദ്വീപുകളിലെ മുപ്പതിലധികം മദ്രസകളിൽ സേവനം ചെയ്യുന്ന ഉസ്താദുമാരുടെ സംഘടനയായ എസ്.ജെ.എം, മദ്യലഭ്യത ഉയർത്തുന്ന സാമൂഹിക വിപത്തുകൾ ദൂരവ്യാപകവും അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടി. ഇത് വെറുമൊരു മതപരമായ വിഷയം മാത്രമായി കാണരുതെന്നും ദ്വീപ് സമൂഹത്തിന്റെ ആശങ്കകൾ പൂർണ്ണമായും അവഗണിച്ചുകൊണ്ട് പുറപ്പെടുവിച്ച ഈ പുതിയ നിയമം അടിയന്തരമായി പിൻവലിക്കാൻ രാഷ്ട്രപതിയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നും എസ്.ജെ.എം ഭാരവാഹികളായ ഷെയ്ക്കോയ ബാഖവി (പ്രസിഡന്റ്), ഹാഷിം അഹ്സനി (ജനറൽ സെക്രട്ടറി), അബ്ദുൽ സമദ് കോയ ദാരിമി (ട്രഷറർ) എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
















