ഡൽഹി: ‘ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ 2026’ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിൽ നിന്നുള്ള പാർലമെന്റ് അംഗവും ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. എം. ഹംദുള്ള സയീദ് ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് കത്തയച്ചു. ദ്വീപിലെ ജനങ്ങളുടെ തനതായ ഗോത്ര സംസ്കാരം, സാമൂഹിക ഘടന, സമാധാനപരമായ അന്തരീക്ഷം എന്നിവയ്ക്ക് ഈ പുതിയ നിയമം ഗുരുതരമായ ഭീഷണിയുയർത്തുന്നു എന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 46 വർഷമായി ലക്ഷദ്വീപിൽ നിലനിൽക്കുന്ന മദ്യനിരോധന നയം ദ്വീപിന്റെ സാമൂഹിക സുരക്ഷിതത്വവും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജനങ്ങളുമായോ ജനപ്രതിനിധികളുമായോ യാതൊരുവിധ ചർച്ചകളും നടത്താതെയാണ് പുതിയ റഗുലേഷൻ കൊണ്ടുവന്നിട്ടുള്ളത്. മദ്യത്തിന്റെ വ്യാപനം ദ്വീപിലെ സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും സുരക്ഷിതത്വത്തെ ബാധിക്കുമെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 47-ന് വിരുദ്ധമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. അതിനാൽ ഈ റഗുലേഷൻ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, ഭാവിയിൽ ദ്വീപിനെ ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോൾ ഗ്രാമസഭകളുമായും പ്രാദേശിക സമൂഹവുമായും കൃത്യമായ കൂടിയാലോചനകൾ ഉറപ്പാക്കണമെന്നും എം.പി രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here