കവരത്തി: ​ലക്ഷദ്വീപിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന, വിദേശകാര്യ സഹമന്ത്രി ശ്രീ കീർത്തി വർദ്ധൻ സിംഗുമായി എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധികൾ കവരത്തിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ദ്വീപിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസന പദ്ധതികൾ പ്രദേശത്തിന്റെ സവിശേഷമായ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങൾക്കുള്ള ആശങ്കകളെക്കുറിച്ചും കമ്മിറ്റി പ്രതിനിധികൾ കേന്ദ്രമന്ത്രിയുമായി വിശദമായ ചർച്ചകൾ നടത്തി. ദ്വീപുകളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ അടിയന്തര ഇടപെടൽ വേണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

​കൂടിക്കാഴ്ചയ്ക്കിടെ, ദ്വീപ് ജനതയുടെ ആശങ്കകളും ആവശ്യങ്ങളും അടങ്ങിയ നിവേദനം എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. കോയ അറഫാ മിറാജ് കേന്ദ്രമന്ത്രിക്ക് കൈമാറി. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദ്വീപിലെത്തിയ കേന്ദ്രമന്ത്രി കവരത്തിയിൽ പരിസ്ഥിതി വകുപ്പ് സംഘടിപ്പിച്ച തീരദേശ ശുചീകരണ പരിപാടിയിലും, ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കൊപ്പം വൃക്ഷത്തൈ നടീൽ കർമ്മത്തിലും പങ്കാളിയായിരുന്നു. വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ ദ്വീപുകളുടെ പരിസ്ഥിതി സൗഹാർദ്ദപരമായ അന്തരീക്ഷം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉയർന്നുവന്ന ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച ഏറെ പ്രാധാന്യം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here