കവരത്തി: കാലവർഷത്തിന് മുന്നോടിയായുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി പൊതുറോഡിലേക്ക് അപകടകരമായ രീതിയിൽ ചരിഞ്ഞുനിൽക്കുന്ന തെങ്ങുകൾ മുറിച്ചുമാറ്റാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ കവരത്തിയിൽ വ്യാപക പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ തെങ്ങ് മുറിക്കാനായുള്ള ഉദ്യോഗസ്ഥ സംഘത്തോടൊപ്പം വൻ പോലീസ് സന്നാഹവും കേന്ദ്രസേനയും ഫയർഫോഴ്സും കവരത്തിയിലെ വൈ-ജംഗ്ഷനിൽ ഒത്തുകൂടിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ) വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിക്കുകയും ഉദ്യോഗസ്ഥരെ തടഞ്ഞ് ശക്തമായ പ്രതിഷേധം ഉയർത്തുകയുമായിരുന്നു.

​ലക്ഷദ്വീപ് ഡിസ്ട്രിക്ട് കളക്ടറും ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ചെയർമാനുമായ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കളക്ടർ അവിനാഷ് സിംഗ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് അധികൃതർ സ്ഥലത്തെത്തിയത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷൻ 160 പ്രകാരമുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് തെങ്ങുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ടതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മൺസൂൺ കാലത്തെ അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

​എന്നാൽ, മുൻകൂട്ടിയുള്ള കൃത്യമായ ചർച്ചകളോ കൃഷിക്കാർക്ക് അർഹമായ നഷ്ടപരിഹാരമോ ഉറപ്പാക്കാതെയുള്ള ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നീക്കമാണ് പ്രതിഷേധത്തിന് കാരണമായതെന്ന് സമരക്കാർ ആരോപിച്ചു. സ്ത്രീകളടക്കമുള്ള വലിയൊരു ജനവിഭാഗം തെങ്ങ് മുറിക്കുന്നത് തടഞ്ഞുകൊണ്ട് രംഗത്തിറങ്ങിയതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സമരത്തിന് നേതൃത്വം നൽകിയ എൻ.സി.പി (എസ്.പി) നേതാക്കളും വനിതകളും ഉൾപ്പെടെ 25 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധത്തെ തുടർന്ന് കവരത്തിയിൽ കനത്ത പോലീസ് കാവൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here