കവരത്തി: ലക്ഷദ്വീപിൽ കൂടുതൽ ജനവാസ ദ്വീപുകളിലേക്ക് മദ്യവിതരണം വ്യാപിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചു. നിലവിൽ സമ്പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന കേന്ദ്രഭരണ പ്രദേശമാണിത്. എന്നാൽ, 1979-ലെ മദ്യനിരോധന നിയമത്തിൽ ഇളവുകൾ വരുത്തിക്കൊണ്ട് ചേത്ത്ലാത്ത്, ബിത്ര എന്നീ ദ്വീപുകളിലെ ഗവൺമെന്റ് ഡാക് ബംഗ്ലാവുകൾക്ക് മദ്യം വിളമ്പാനുള്ള അനുമതി നൽകി. ടൂറിസം വകുപ്പിന് കീഴിലുള്ള ഈ സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്കാണ് നിലവിൽ ലൈസൻസ് അനുവദിച്ചിരിക്കുന്നത്.

Advertisement

​ജില്ലാ കളക്ടർ ഡോ. ആർ. ഗിരി ശങ്കർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കർശനമായ നിബന്ധനകളോടെയാണ് ഈ അനുമതി. സാധുവായ പെർമിറ്റുള്ളവർക്ക് മാത്രമേ മദ്യം നൽകാവൂ എന്നും, വിതരണം ചെയ്യുന്ന മദ്യത്തിന്റെ കൃത്യമായ സ്റ്റോക്ക് വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, മദ്യം ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ മാസാവസാനം അധികൃതർക്ക് കൃത്യമായി കൈമാറണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Advertisement

​വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് ഭരണകൂടത്തിന്റെ ഈ നീക്കമെന്നാണ് സൂചന. നിലവിൽ ബംഗാരം പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമാനമായ ഇളവുകൾ ഉണ്ടെങ്കിലും, ജനവാസമുള്ള കൂടുതൽ ദ്വീപുകളിലേക്ക് മദ്യവിതരണം വ്യാപിപ്പിക്കുന്നത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. മദ്യനിരോധനം നിലനിൽക്കുന്ന പ്രദേശത്ത് ഇത്തരം തീരുമാനങ്ങൾ ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

LEAVE A REPLY

Please enter your comment!
Please enter your name here