കവരത്തി: ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചയും ‘നോ വെഹിക്കിൾ ഡേ’ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ദ്വീപിൽ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ നടപ്പിലാക്കിയ ഈ പരിഷ്കാരം ഉടൻ പിൻവലിക്കണമെന്ന് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. ദ്വീപ് നിവാസികളുടെ ആശങ്കകളെ അവഗണിച്ചുകൊണ്ടുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

​ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തെ എൻ.സി.പി (എസ്.പി) ശക്തമായി അപലപിച്ചു. പൊതുജനാഭിപ്രായത്തെ മാനിക്കാതെയും യാതൊരു വീണ്ടുവിചാരവുമില്ലാതെയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം ഉത്തരവുകൾ ജനാധിപത്യവിരുദ്ധമാണെന്ന് എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. കോയ അറഫാ മിഅറാജ് പറഞ്ഞു. രോഗികളെയും സാധാരണ യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്ന ഈ തീരുമാനത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​അതേസമയം, കളക്ടറുടെ ഉത്തരവ് സ്വേച്ഛാധിപത്യപരമാണെന്നും വിചിത്രമായ ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് ഘടകം വ്യക്തമാക്കി. ജനങ്ങളെ ദ്രോഹിക്കുന്ന ഈ ഉത്തരവ് പുനഃപരിശോധിക്കാൻ ഭരണകൂടം തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അജാസ് അക്ബർ മുന്നറിയിപ്പ് നൽകി. ദ്വീപിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി ഉത്തരവിനെതിരെ രംഗത്തുവന്നതോടെ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here