കൽപ്പേനി: ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിൽ പെട്രോൾ ക്ഷാമം അതിരൂക്ഷമാകുന്നു. നിലവിൽ പെട്രോൾ പമ്പുകളിൽ ഇന്ധനം തീർന്നതോടെ ഓട്ടോറിക്ഷാ തൊഴിലാളികളും കടലിൽ പോകുന്ന മത്സ്യതൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (ശരദ് ചന്ദ്ര പവാർ) വിഭാഗം രംഗത്തെത്തി. കൽപ്പേനി ഡെപ്യൂട്ടി കളക്ടർക്കും സി.ഇ.ഒയ്ക്കും സംഘടന നിവേദനം നൽകി.

Advertisement

​നിലവിൽ ദ്വീപിൽ ഒരു സംഭരണ ടാങ്ക് മാത്രമാണുള്ളതെന്നും ഇത് പെട്രോൾ ക്ഷാമം പതിവാക്കാൻ കാരണമാകുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. പരിമിതമായ സംഭരണശേഷി കാരണം ഇന്ധനം വേഗത്തിൽ തീരുന്നതാണ് പ്രതിസന്ധിക്ക് പിന്നിൽ. ഇതിന് ശാശ്വത പരിഹാരമായി പമ്പിൽ പുതിയ ഭൂഗർഭ പെട്രോൾ സംഭരണ ടാങ്ക് (Underground Fuel Storing Tank) അടിയന്തരമായി നിർമ്മിക്കണമെന്ന് എൻ.വൈ.സി ആവശ്യപ്പെട്ടു.

Advertisement

​മത്സ്യബന്ധന ബോട്ടുകളിൽ പെട്രോൾ ഉപയോഗിക്കുന്ന മത്സ്യതൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ഏക യാത്രാമാർഗ്ഗമായ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെയും ഉപജീവനമാർഗ്ഗം തന്നെ ഇന്ധനമില്ലാത്തതുമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനാൽ കാർഡുകളിൽ അനുവദിക്കുന്ന ഇന്ധനത്തിന്റെ അളവ് വർദ്ധിപ്പിക്കണമെന്നും ആവശ്യമുയർന്നു. എൻ.വൈ.സി (എസ്.പി) പ്രസിഡന്റ് അബ്ദുസലാം വി.എം, സെക്രട്ടറി ഇംതിയാസ് ഖാൻ എ.കെ, വൈസ് പ്രസിഡന്റ് മുഹമ്മദ് നാസറുദ്ദീൻ എ.കെ, മെമ്പർ റാഫി എം.കെ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. ദ്വീപിലെ സാധാരണക്കാരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് ഭരണകൂടം ഉടൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here