
കവരത്തി : ചരക്ക് ഗതാഗത സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി ലക്ഷദ്വീപ് പോർട്ട്, ഷിപ്പിങ് ആൻഡ് ഏവിയേഷൻ ഡിപ്പാർട്മെന്റ്. ആവശ്യവസ്തുക്കളുടെ സുലഭമായ ലഭ്യത വർഷത്തിൽ എല്ലാ സമയത്തും ഉറപ്പ് വരുത്തുന്നതിനായാണ് ചരക്ക് ഗതാഗത സംവിധാനത്തിൽ കൊണ്ടുവന്നിട്ടുള്ള ഈ മാറ്റങ്ങൾ.
ഇന്ത്യയിൽ നിന്ന് 220-480 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ഇവിടേക്ക് ആവശ്യ വസ്തുക്കൾ വൻകരയിൽ നിന്നും എത്തിക്കുന്നത് ലക്ഷദ്വീപ് തുറമുഖ വകുപ്പിന്റെ ചരക്ക് കപ്പലുകളും സ്വകാര്യ ഉരുകളിലും(എംഎസ്.വി) വഴിയാണ്. ഇതിൽ പെട്ടന്ന് കേട് വരുന്ന വസ്തുക്കളും ദീർഘ കാലം കേട് കൂടാതെ സൂക്ഷിക്കാവുന്ന വസ്തുക്കളും ഉൾപ്പെടും. എന്നാൽ മഴക്കാലത്ത് പ്രതികൂല കാലാവസ്ഥ മൂലം സ്വകാര്യ എം.എസ്.വികൾ സേവനം നിർത്തിവെയ്ക്കുന്നതിലൂടെ ചരക്ക് ഗതാഗതത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുന്നു. ഇത് ദ്വീപിൽ ആവശ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കുന്നു.
തുറമുഖ വകുപ്പ് ഇറക്കിയ ഉത്തരവ് അനുസരിച്ച് ഇനി മുതൽ മഴക്കാലത്ത് അഥവാ ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ പെട്ടന്ന് കേട് വരുന്ന ആവശ്യ വസ്തുക്കൾ ആയിരിക്കും കൂടുതലായും എത്തിക്കാൻ ശ്രമിക്കുക. ആയതിനാൽ മെയ് 30 ന് മുൻപ് തന്നെ പെട്ടന്ന് കേട് വരാത്ത ആട്ട, പഞ്ചസാര, ഉപ്പ് തുടങ്ങി ഭക്ഷ്യ യോഗ്യവും അല്ലാത്തതുമായ അവശ്യ വസ്തുക്കൾ കടകളും ഹോട്ടലുകളും സ്റ്റോർ ചെയ്യേണ്ടതാണ്.
കൂടാതെ വ്യക്തികൾക്കോ ബിസിനസ് സ്ഥാപനങ്ങൾക്കോ അനുവദിക്കുന്ന പരമാവധി കാർഗോ ഷിപ്പിങ് ബില്ലുകൾ യഥാ കാലങ്ങളിൽ തുറമുഖ വകുപ്പ് അറിയിക്കുമെന്നും ഈ നിർദേശങ്ങളോട് ദ്വീപ് നിവാസികൾ സഹകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
















