അമിനി: ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനിടെയുണ്ടായ ഗുരുതരമായ അച്ചടക്ക ലംഘനങ്ങളെ തുടർന്ന് കവരത്തി റീജിയണൽ സ്പോർട്സ് കൗൺസിലിന്റെ (ആർ.എസ്.സി.) കളിക്കാർക്കും ഒഫീഷ്യൽസിനുമെതിരെ കായിക യുവജനകാര്യ വകുപ്പ് കടുത്ത നടപടി സ്വീകരിച്ചു. കളിക്കാർ ഉൾപ്പെടെ ആകെ 22 പേരെ വിവിധ കാലയളവുകളിലേക്ക് കായിക മത്സരങ്ങളിൽ നിന്ന് വിലക്കി.

2025 ഒക്ടോബർ 20-ന് രാവിലെ 8:45-ന് നടന്ന ആർ.എസ്.സി. കവരത്തിയും ആർ.എസ്.സി. കിൽത്താനും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. മാച്ച് റഫറിയുടെയും ഗെയിംസ് അച്ചടക്ക സമിതിയുടെയും റിപ്പോർട്ടുകൾ പ്രകാരം, കവരത്തി ടീമിലെ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഗുരുതരമായ മോശം പെരുമാറ്റം, കോഡ് ഓഫ് കണ്ടക്ട് ലംഘനം എന്നിവ ഉണ്ടായി. ഇത് ലക്ഷദ്വീപ് ഗെയിംസിന്റെ മൂല്യങ്ങളെ ലംഘിക്കുകയും കായിക സമൂഹത്തിന് അവമതിപ്പ് വരുത്തുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു.

ലക്ഷദ്വീപ് കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ 2025 നവംബർ 19-ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, കളിക്കാരുടെയും ഒഫീഷ്യൽസിന്റെയും ഭാഗത്തുനിന്നുണ്ടായ അച്ചടക്ക ലംഘനത്തെ കായിക വകുപ്പ് ശക്തമായി അപലപിച്ചു.

RSC കവരത്തി ഫുട്ബോൾ ടീമിലെ 16 കളിക്കാർ, ഒരു ടീം മാനേജർ, ഒരു കോച്ച് എന്നിവരടക്കം 18 പേരെ 2026 മാർച്ച് 31 വരെ കായിക മത്സരങ്ങളിൽ നിന്നും കായിക വകുപ്പുമായി ബന്ധപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്നും വിലക്കി. RSC കവരത്തി ടീമിലെ രണ്ട് കളിക്കാർ, ടീം ഫിസിയോ, RSC കവരത്തി സെക്രട്ടറി ശ്രീ ഷിഹാസ് ഖാലിദ് സി. എന്നിവരടക്കം നാല് പേരെ 2027 മാർച്ച് 31 വരെ കായികരംഗത്തുനിന്ന് പൂർണ്ണമായി വിലക്കിയിട്ടുണ്ട്.

വിലക്ക് കാലയളവിൽ, ഇവർക്ക് കായിക യുവജനകാര്യ വകുപ്പ്, ലക്ഷദ്വീപ് ഐലൻഡ് സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, അല്ലെങ്കിൽ ഏതെങ്കിലും റീജിയണൽ സ്പോർട്സ് കൗൺസിൽ എന്നിവ സംഘടിപ്പിക്കുന്നതോ സ്പോൺസർ ചെയ്യുന്നതോ ആയ ഒരു പരിപാടിയിലും പങ്കെടുക്കാനോ, ഒരു സ്ഥാനവും വഹിക്കാനോ കഴിയില്ല.

അച്ചടക്കം, ചിട്ട, കായികരംഗത്തെ ധാർമ്മിക നിലവാരം എന്നിവ നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സ്ഥിരം വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here