കൊച്ചി: 2021-ൽ ലക്ഷദ്വീപ് കടലിൽ നിന്ന് ശ്രീലങ്കൻ ബോട്ട് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ദ്വീപ് നിവാസികൾക്കെതിരെ തീവ്രവാദബന്ധം ആരോപിച്ച് സംഘപരിവാർ കേന്ദ്രങ്ങളും ചില ബി.ജെ.പി. നേതാക്കളും നടത്തിയ വ്യാപകമായ നുണപ്രചാരണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടോടെ പൊളിഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങളെ മൊത്തത്തിൽ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടിയാകുന്നതാണ്, പിടിച്ചെടുത്ത ബോട്ട് രാജ്യാന്തര മയക്കുമരുന്ന്-ആയുധക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു എന്ന എൻ.ഐ.എ.യുടെ കണ്ടെത്തൽ. പ്രഫുൽ ഘോഡാ പട്ടേലിന്റെ വരവോടെ ലക്ഷദ്വീപ് ഭരണകൂടം നടത്തിയ ജനവിരുദ്ധ നടപടികളിൽ ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന ദുരിതജീവിതം പുറം ലോകത്ത് എത്തിക്കുന്നതിൽ എൽ.എസ്.എ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്ത സേവ് ലക്ഷദ്വീപ് ക്യാമ്പൈൻ വലിയ മുന്നേറ്റമുണ്ടാക്കി. തുടർന്ന് കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യധാരാ മാധ്യമങ്ങൾ ലക്ഷദ്വീപിന്റെ വിഷയങ്ങൾ ഗൗരവമായി സമീപിക്കുകയും രാജ്യത്തുടനീളം വലിയ ചർച്ചയായി മാറുകയും ചെയ്തു. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ സേവ് ലക്ഷദ്വീപ് ക്യാമ്പൈൻ ഏറ്റെടുത്തതോടെ ഒരു ഘട്ടത്തിൽ #savelakshadweep എന്ന ഹാഷ് ടാഗ് ഇന്റർനെറ്റിൽ ഒന്നാം നമ്പർ ട്രന്റിംഗ് വരെയായി. ഇതോടെ സംഘപരിവാർ ഹാൻഡിലുകളും നേതാക്കളും ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ തിരിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആ ഘട്ടത്തിലാണ് ആയുധങ്ങളും മയക്കുമരുന്നും ഉൾപ്പെടെ ലക്ഷദ്വീപ് കടലിന് സമീപത്തിലൂടെ കടന്നു പോയ ‘രവിഹംസി’ എന്ന ഒരു ശ്രീലങ്കൻ ബോട്ട് ഇന്ത്യൻ നാവികസേന പിടികൂടിയത്. ബോട്ട് പിടിച്ച വാർത്തകൾ പുറത്തു വന്ന ഉടൻ തന്നെ അതിൻ്റെ പാപഭാരം ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് സാമൂഹിക മാധ്യമങ്ങളിലെ സംഘ്പരിവാർ ഹാൻഡിലുകൾ ശ്രമിച്ചത്. അത് പിന്നീട് ബി.ജെ.പിയുടെ പല നേതാക്കളും ഏറ്റെടുക്കുന്നതാണ് നമ്മൾ കണ്ടത്.

​ലക്ഷദ്വീപിനെതിരെ വിഷം തുപ്പിയ ആരോപണങ്ങൾ വന്നപ്പോൾ അതിനെ സാധൂകരിക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു പത്രസമ്മേളനത്തിലൂടെ അന്നത്തെ ജില്ലാ കളക്ടർ എ. അസ്‌കർ അലി ഐ.എ.എസ് നടത്തിയട്. കേരളത്തിലെ ചില ബി.ജെ.പി. നേതാക്കളും ദ്വീപ് ജനതയ്‌ക്കെതിരെ ഗുരുതരമായ തീവ്രവാദബന്ധവും മയക്കുമരുന്ന് കേന്ദ്രമാണെന്ന ആരോപണവും ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. “ലക്ഷദ്വീപ് തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു,” എന്നും “ദ്വീപിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്” എന്നും കേരള ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവർ പരസ്യമായി പ്രസ്താവന നടത്തി. ഈ തീവ്രവാദബന്ധ ആരോപണങ്ങൾ ലക്ഷദ്വീപിലെ മുസ്ലിം ഭൂരിപക്ഷ ജനതയുടെ സമാധാനപരമായ ജീവിതത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ സംഘപരിവാർ നുണ ഫാക്ടറികളിൽ പാകം ചെയ്തെടുത്ത ഒരു രാഷ്ട്രീയ പ്രചാരണമായിരുന്നു എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

​ശ്രീലങ്കൻ ബോട്ട് പിടികൂടിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എൻ.ഐ.എ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേസിലെ യഥാർത്ഥ വസ്തുതകൾ വെളിപ്പെട്ടത്. 2021 മാർച്ച് 18-ന് പിടികൂടിയ ‘രവിഹംസി’ എന്ന ശ്രീലങ്കൻ മത്സ്യബന്ധന ബോട്ട് പാകിസ്താൻ ആസ്ഥാനമായുള്ള കുപ്രസിദ്ധ മയക്കുമരുന്ന് രാജാവും ഐ.എസ്‌.ഐ, ദാവൂദ് ഇബ്രാഹിം സിൻഡിക്കേറ്റ് എന്നിവയുടെ കൂട്ടാളിയുമായി ആരോപിക്കപ്പെടുന്ന ഹാജി സലീമിന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമായിരുന്നു എന്നാണ് എൻ.ഐ.എ കണ്ടെത്തിയത്. ബോട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കടത്തിന് പുറമെ, അഞ്ച് എ.കെ.-56 റൈഫിളുകളും, 1,000 റൗണ്ട് 9mm വെടിയുണ്ടകളും (കൂടുതലും പാകിസ്താൻ ഓർഡനൻസ് ഫാക്ടറിയിൽ നിർമ്മിച്ചത്) കണ്ടെത്തിയിരുന്നു. പിടിയിലായ ആറ് ശ്രീലങ്കൻ പൗരന്മാർക്ക് മയക്കുമരുന്ന്, ആയുധക്കടത്ത്, നിരോധിത തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇയുടെ പ്രവർത്തനങ്ങളെ സഹായിക്കൽ എന്നിവയുൾപ്പെടുന്ന രാജ്യാന്തര ഗൂഢാലോചനയിൽ സജീവ പങ്കുണ്ടെന്നും എൻ.ഐ.എ. വ്യക്തമാക്കി.

​ലക്ഷദ്വീപ് പുറം കടലിൽ പിടിക്കപ്പെട്ട ബോട്ടുമായി ലക്ഷദ്വീപിലെ ജനങ്ങളിൽ ഒരാൾക്ക് പോലും ബന്ധമില്ല എന്നും, സമാധാനം ആഗ്രഹിക്കുന്നവരും ഇന്ത്യൻ ദേശീയതയോട് ആത്മാർത്ഥമായ കൂറ് പുലർത്തുന്നവരാണ് ദ്വീപിലെ ജനങ്ങളെന്നും, മറിച്ച് സംഘപരിവാർ നടത്തിയ ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമായിരുന്നു എന്നും തുറന്നു കാട്ടപ്പെടുകയാണ്. പിടിക്കപ്പെട്ടത് പാകിസ്താൻ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര മയക്കുമരുന്ന്-ആയുധക്കടത്ത് ശൃംഖലയാണ് എന്നും എൻ.ഐ.എ.യുടെ റിപ്പോർട്ട് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നു. ഒരു അന്താരാഷ്ട്ര ക്രിമിനൽ കേസിനെ, മുഴുവൻ ലക്ഷദ്വീപ് ജനതയ്‌ക്കുമെതിരെ തിരിച്ച് വിടാനുള്ള സംഘപരിവാർ നീക്കമാണ് ഇതോടെ തകർന്നടിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here