
അമിനി: ലക്ഷദ്വീപിലെ അമിനിയിൽ സംഘടിപ്പിച്ച ‘നമോ യുവ റൺ’ മാരത്തോൺ ജനപങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായ സേവാ പഖ്വാഡയുടെ കീഴിൽ നടന്ന ഈ പരിപാടി ലഹരി മുക്ത ഭാരതം എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.
സെപ്റ്റംബർ 21, 2025-ന് നടന്ന മാരത്തോൺ ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് കെ.എൻ. കാസിം കോയ ഉദ്ഘാടനം ചെയ്തു. അമിനി അത്ലറ്റിക് അസോസിയേഷനും അമിനി ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. യുവമോർച്ച പ്രഭാരി അഡ്വ. മുഹമ്മദ് സാലിഹ് പി.എം. ആണ് ലക്ഷദ്വീപിൽ ഈ പരിപാടിക്ക് മേൽനോട്ടം വഹിച്ചത്.
ഹെലിപാഡ് വഴിയുള്ള 3 കിലോമീറ്റർ ദൂരം പൂർത്തിയാക്കി അമിനി പടിഞ്ഞാറൻ ജെട്ടിയിൽ മാരത്തോൺ സമാപിച്ചു. അമിനി കോടതി ജഡ്ജ് ശ്രീ ഡൊണാൾഡ് സെക്വറ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നോർത്ത് സോൺ ജിതേന്ദ്ര പട്ടേൽ ഐ.പി.എസ് എന്നിവർ ചേർന്നാണ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്.
മത്സരാർത്ഥികൾക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ടി-ഷർട്ടുകൾ നൽകി. അമിനിയുടെ അഭിമാന താരങ്ങളായ അബ്ദുൽ ഫത്തഹ്, ഹനീന ബീഗം എന്നിവരെയാണ് മാരത്തോണിന്റെ അംബാസഡർമാരായി തിരഞ്ഞെടുത്തത്. മാരത്തോണിന് ശേഷം അംബാസഡർ ഹനീന ബീഗം മത്സരാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മത്സരത്തിൽ നിസാം അമിനി ഒന്നാം സ്ഥാനം നേടി. 62 വയസ്സുള്ള കെ.സി. അബൂബക്കർ മാരത്തോണിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. അദ്ദേഹത്തിന്റെ പ്രായത്തെ മറികടന്നുള്ള പ്രകടനം ഏറെ പ്രശംസ നേടി. വിജയികൾക്ക് ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു.
അമിനിയിലെ പ്രമുഖ വ്യക്തികളും, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ഖാലിദ്, ബിജെപി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ പി.വി. ഖാലിദ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. പരിപാടി വിജയകരമാക്കാൻ സഹകരിച്ച ഷഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, കായിക അധ്യാപകർ, അത്ലറ്റിക് കോച്ച് ഹാഷിം, മറ്റ് അത്ലറ്റിക് അസോസിയേഷൻ പ്രവർത്തകർ, ഫയർ ആൻഡ് റെസ്ക്യൂ, അമിനി ഹോസ്പിറ്റൽ ജീവനക്കാർ എന്നിവർക്ക് സംഘാടകർ നന്ദി അറിയിച്ചു.
