
കടമത്ത്: ജെട്ടി അപകടാവസ്ഥയിലാണെന്നും, അടിയന്തരമായി ഇടപെട്ട് ജെട്ടി നവീകരിക്കണമെന്നും ആവശ്യപ്പെട്ട് കടമത്ത് ബ്ലോക്ക് കോൺഗ്രസ് ഹാർബർ ഓഫീസിലേക്ക് (ALHW) പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി മുഹ്ത്താർ ഹുസൈൻ മാർച്ച് ഉൽഘാടനം ചെയ്തു.
അപകടാവസ്ഥയിലുള്ള ജെട്ടി കാരണം ചരക്ക്, യാത്രാ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നും ഇത് ദ്വീപിന്റെ സാമ്പത്തിക ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അധികാരികൾക്ക് നൽകിയ കത്തിൽ പറയുന്നു. ഏകദേശം ഒരു വർഷം മുൻപ് ജെട്ടി നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ALHW ആരംഭിച്ചിരുന്നു. എന്നാൽ മൺസൂൺ ആരംഭിച്ചപ്പോൾ പണി നിർത്തിവയ്ക്കുകയും പിന്നീട് പുനരാരംഭിക്കാൻ യാതൊരു ശ്രമവും ഉണ്ടായിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ജെട്ടി അപകടാവസ്ഥയിലാണ്. കൂടാതെ മോറിംഗ് ബോയ് അതിന്റെ യഥാർത്ഥ സ്ഥാനത്തു നിന്ന് മാറിയതിനാൽ ഇത് അപകടങ്ങൾക്ക് കാരണമാകാമെന്നും കത്തിൽ പറയുന്നു.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജെട്ടി നന്നാക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് തുടങ്ങണമെന്നും ബ്ലോക്ക് കോൺഗ്രസ് ആവശ്യപ്പെട്ടു. ജനങ്ങളുടെ വികാരം വളരെ ശക്തമാണെന്നും ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും കത്തിൽ പറയുന്നു.
എൽ.ടി.സി.സി സെക്രട്ടറിമാരായ ടി.കെ അബ്ദുൽ ജബ്ബാർ, എം. കെ. അബ്ദുൽ സലാം കോയ, കടമത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എൽ. ജലാൽ, മുൻ പഞ്ചായത്ത് ചെയർപേഴ്സൺ മുഹമ്മദ് അജ്മീൻ ഖാൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ടി. പി അബ്ദുൽ ഹയാത്ത് തുടങ്ങിയവർ സംബന്ധിച്ചു.
