
കഴിഞ്ഞ ദിവസം കവരത്തിയിലെ സെവൻ ഡേ പാർക്കിനു പരിസരത്ത് നടന്ന സംഭവങ്ങൾ ലക്ഷദ്വീപുകാർ എന്ന നിലയിൽ നമ്മളേവരേയും ലജ്ജിപ്പിക്കുന്ന കാഴ്ചകളായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാർക്ക് ഉടമകൾ പറയുന്ന കാര്യങ്ങളോ ലക്ഷദ്വീപ് ഭരണകൂടം പറയുന്ന നിയമവശങ്ങളോ വിശദീകരിക്കുന്നില്ല. നിയമപരമായ കാര്യങ്ങൾ കോടതിയും നിയമ സംവിധാനങ്ങളും പരിശോധിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കട്ടെ. അതേസമയം ലക്ഷദ്വീപുകാരായ ഉദ്യോഗസ്ഥർ സ്വയം നില മറന്നു കൊണ്ട് അവിടെ കാട്ടിക്കൂട്ടിയ കാഴ്ചകൾ ദ്വീപുകാരായ നമ്മെ ഓരോരുത്തരെയും വേദനിപ്പിക്കുന്നതാണ്. റവന്യൂ ഉദ്യോഗസ്ഥർ അവരുടെ മേൽ ഉദ്യോഗസ്ഥർ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ ചെയ്യേണ്ടതുണ്ട്. എന്നാൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പദവിയിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ നിർമ്മാണ തൊഴിലാളികളെ പോലെ കടൽ പാലം പൊളിക്കുന്നതിനു വേണ്ടി കെട്ടിയ റോപ്പ് പിടിച്ചു വലിക്കുന്നതിന്റെ പിന്നിൽ ജോലിയോടുള്ള ആത്മാർത്ഥതയാണ് എന്ന് പറയാനാവില്ല. രാജാവിനെക്കാൾ വലിയ രാജഭക്തി തങ്ങൾക്കുണ്ട് എന്ന് ആരെയൊക്കെയോ ബോധിപ്പിക്കാൻ വേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) അനുസരിച്ച് എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവും നൽകുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ഈ വകുപ്പ് അനുസരിച്ചാണ് രാജ്യത്തെ പത്ര, ശ്രവ്യ മാദ്ധ്യമങ്ങൾക്ക് വാർത്ത നൽകാനും, ഫോട്ടോ/ വീഡിയോ ചിത്രീകരണം നടത്താനും സ്വാതന്ത്ര്യം നൽകുന്നത്. പൗരന്റെ സ്വാതന്ത്ര്യം മാത്രമേ മാധ്യമങ്ങൾക്കുമുള്ളൂ. അതിൽ കൂടുതലായി മാധ്യമങ്ങൻക്ക് ഒരു പ്രത്യേക നിയമവുമില്ല. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് ചിത്രീകരണം നടത്താവുന്ന എല്ലാം സാധാരണക്കാരായ എല്ലാ പൗരന്മാർക്കും ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയിൽ പോലീസ് നടപടികൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങളുടെ ചിത്രീകരണത്തിന് ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്. നിയമം ഇങ്ങനെയാണെങ്കിലും നമ്മുടെ ചില പോലീസ് ഉദ്യോഗസ്ഥർ ക്യാമറയോട് കാണിക്കുന്ന അസഹിഷ്ണുത എന്തിനാണെന്ന് അവർക്ക് തന്നെ അറിവില്ല എന്നാണ് മനസ്സിലാക്കേണ്ടത്. നിയമപരമായി ഉദ്യോഗസ്ഥർ അവരുടെ ജോലി ചെയ്യുന്നുണ്ടെങ്കിൽ ആരെങ്കിലും അത് ക്യാമറയിൽ പകർത്തുന്നുണ്ടോ എന്നത് അവരെ ബാധിക്കേണ്ട കാര്യമില്ല. എന്നിട്ടും കഴിഞ്ഞ ദിവസം കവരത്തിയിലെ സെവൻ ഡേ പരിസരത്തെ ദൃശ്യങ്ങൾ പകർത്തിയ സഹോദരന്റെ മൊബൈൽ ഫോൺ തട്ടിത്തെറിപ്പിച്ചിട്ടുണ്ടെങ്കിൽ, പോലീസ് ഉദ്യോഗസ്ഥന് ഒന്നുകിൽ നിയമപരമായി അവർ അവരുടെ ജോലിയല്ല ചെയ്യുന്നത് എന്ന് ബോധ്യമുണ്ടാവണം. അല്ലെങ്കിൽ ആദ്യം പറഞ്ഞത് പോലെ രാജാവിനെക്കാൾ വലിയ രാജഭക്തി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതത്തിലൂടെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലക്ഷദ്വീപുകാർ കടന്നു പോവുന്നത്. ഭരണകൂടം നമ്മെ മുച്ചൂടും തകർക്കാൻ ഒരുമ്പെട്ടിറങ്ങിയ ഈ കാലത്ത് സഹജീവികളോട് കുറച്ചെങ്കിലും കരുണ കാണിക്കും എന്ന് നമുക്ക് പ്രതീക്ഷയുള്ളത് നമ്മുടെ തദ്ദേശീയരായ ഉദ്യോഗസ്ഥരിൽ നിന്നുമാണ്. പക്ഷേ, ഇത്തരം നടപടികൾ കാണുമ്പോൾ നമ്മുടെ ഉദ്യോഗസ്ഥർക്ക് ഇതെന്തു പറ്റി? എന്ന് ചോദിക്കാനെ നിർവ്വാഹമുള്ളൂ.
