കവരത്തി: കടൽ തീരത്തോട് ചേർന്ന് കവരത്തിയിൽ സെവൻ ഡേ പാർക്കിൽ ഉണ്ടായിരുന്ന താൽക്കാലിക കടൽ പാലം ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചു നീക്കി. റവന്യൂ ജീവനക്കാരും പോലീസും ചേർന്നാണ് പാലം പൊളിച്ചു നീക്കിയത്. തീര സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന നോൺ ഡെവലപ്മെന്റ് സോണിലാണ് എന്ന് കാണിച്ച് നേരത്തെ തന്നെ പാർക്ക് ഉടമകൾക്ക് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഉടമകൾ സ്വമേധയാ പൊളിച്ചു നീക്കാൻ തയ്യാറാവാത്തതിനാലാണ് പൊളിച്ചു നീക്കിയത് എന്നാണ് റവന്യൂ ജീവനക്കാർ പറയുന്നത്. അതേസമയം ഈ വിഷയത്തിൽ ഹൈക്കോടതി തങ്ങൾക്ക് സ്റ്റേ അനുവദിച്ചിട്ടുണ്ട് എന്നാണ് പാർക്ക് ഉടമകൾ പറയുന്നത്.

അതേസമയം കടൽപ്പാലം പൊളിച്ചു നീക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ കവരത്തി ദ്വീപ് സ്വദേശിയുടെ മൊബൈൽ ഫോൺ പോലീസ് ഇൻസ്പെക്ടർ അലി അക്ബർ തട്ടിത്തെറിപ്പിച്ചു. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പീച്ച്മൽ ഷമീം എന്ന യുവാവാണ് തന്റെ സ്വന്തം ഭൂമിയിൽ നിന്നു കൊണ്ട് കടൽപ്പാലം പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. അങ്ങൊട്ട് എത്തിയ സി.ഐ അലി അക്ബറിനോട് ഇത് തന്റെ ഭൂമിയാണ് എന്നും ഇവിടെ നിന്നു കൊണ്ട് താൻ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ നിങ്ങൾക്ക് അധികാരം ഇല്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യം തിരിച്ചു പോയ അലി അക്ബർ പിന്നീട് വീണ്ടും വന്ന് മൊബൈൽ ഫോൺ തട്ടിത്തെറിപ്പിക്കുകയായിരുന്നു. സ്ഥലം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജമാലുദ്ദീൻ പാലം പൊളിച്ചു നീക്കാനായി പാലത്തിൽ കെട്ടിയ റോപ്പ് പിടിച്ചു വലിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here