കൊച്ചി: ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താൻ ക്യാമ്പസുകളെ ഉണർത്തി വേറിട്ടൊരു പര്യടനവുമായി ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ (എൽ.എസ്.എ). Hawk Eye BAISEAD എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പസ് പര്യടനം എറണാകുളം ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ ഇന്നലെ തുടക്കമായി. ലക്ഷദ്വീപ് സ്വയം പര്യാപ്തമാവേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ജനാധിപത്യ ഭരണ സംവിധാനങ്ങൾ നിലവിൽ വരുന്നതിലൂടെയല്ലാതെ ലക്ഷദ്വീപിലെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയില്ല എന്ന് വിദ്യാർത്ഥികളെ ഉണർത്തുക വഴി ലക്ഷദ്വീപിലെ പൊതു സമൂഹത്തെ ജനാധിപത്യ സംവിധാനങ്ങൾക്കായുള്ള മുന്നേറ്റങ്ങൾക്ക് പ്രേരിപ്പിക്കാൻ ഉതകുന്ന വിഷയങ്ങളാണ് പര്യടനത്തിൽ ഉടനീളം എൽ.എസ്.എ നേതാക്കൾ വിദ്യാർത്ഥികളുമായി സംവദിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിലെ അരാഷ്ട്രീയത ഇല്ലാതാക്കാനും, വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ വിദ്യാർത്ഥികളിൽ നിന്നും നേരിട്ട് കേൾക്കാനും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാനും പര്യടനം ലക്ഷ്യമിടുന്നു.
ലക്ഷദ്വീപിലെ ഭൂമികളുടെ അവകാശികൾ ഇവിടുത്തെ തദ്ദേശീയരായ ജനങ്ങളാണ്. എന്നാൽ ജനങ്ങളെയും അവരുടെ അവകാശങ്ങളെയും പരിഗണിക്കാതെ കോർപ്പറേറ്റ് ഭീമന്മാർക്ക് വേണ്ടി ലക്ഷദ്വീപ് ഭരണകൂടം ഭൂമികൾ വിട്ടു നൽകുകയാണ്. ഇതിനെല്ലാം പരിഹാരമായി ലക്ഷദ്വീപിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുണ്ടാവണം. എന്നാൽ മാത്രമേ ജനങ്ങളെ പരിഗണിച്ചു കൊണ്ടുള്ള നയങ്ങൾ നടപ്പിലാക്കാൻ സർക്കാർ സന്നദ്ധമാവുകയുള്ളൂ. അതിന് പൂർണ്ണ അധികാരങ്ങളുള്ള ഒരു നിയമസഭ നിലവിൽ വരേണ്ടതുണ്ട്. ചരിത്രത്തിലെ എല്ലാ വിപ്ലവങ്ങളുടെയും തുടക്കം കലാലയങ്ങളാണ്. അതുകൊണ്ട് തന്നെ ലക്ഷദ്വീപിന്റെ സ്വയംഭരണാവകാശത്തിനായുള്ള പോരാട്ടത്തിനായി കലാലയങ്ങളിൽ നിന്നും ആരംഭിച്ച ഈ പോരാട്ടത്തിന്റെ തിരിനാളം ലക്ഷദ്വീപിൽ ആകെ ആളിപ്പടരുമെന്ന് എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് പി.മിസ്ബാഹുദ്ദീൻ പറഞ്ഞു. എൽ.എസ്.എ ജനറൽ സെക്രട്ടറി സഫറുള്ളാ ഖാൻ, ട്രഷറർ മുഹമ്മദ് റമീസ്, പ്രചരണ വിഭാഗം ചെയർമാൻ തക്മീലുദ്ദീൻ, സ്കോളർഷിപ്പ് സെൽ ചെയർമാൻ മുഹമ്മദ് സാബിത്ത്, എൽ.എസ്.എ എറണാകുളം ജില്ലാ പ്രസിഡന്റ് അഫ്താബുദ്ദീൻ, മറ്റു നേതാക്കൾ പങ്കെടുത്തു.