കവരത്തി: ഡിസംബർ മാസത്തിൽ സ്ഥലം മാറ്റം കിട്ടിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥർക്ക് എത്രയും പെട്ടെന്ന് പുതിയ ഓഫീസുകളിൽ എത്തി ചാർജ്ജ് എടുക്കണമെന്ന കർശന നിർദ്ദേശവുമായി സർവ്വീസസ് സ്പെഷ്യൽ സെക്രട്ടറി. ഈ മാസത്തെ ശമ്പളം നിലവിലുള്ള ഓഫീസിൽ നിന്നും പാസ്സാക്കി നൽകരുത് എന്നാണ് സർവ്വീസസ് സ്പെഷ്യൽ സെക്രട്ടറി വകുപ്പ് തലവൻമാർക്കയച്ച കത്തിൽ പറയുന്നത്. സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരിൽ പലരും കുട്ടികളുടെ വിദ്യാഭ്യാസ കാരണങ്ങളാലും, രക്ഷിതാക്കളുടെ ചികിത്സാ ആവശ്യങ്ങൾക്കുമായി ട്രാൻസ്ഫർ ഓർഡറിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നു. കുട്ടികൾക്ക് അർധ വാർഷിക പരീക്ഷ അടുത്തിരിക്കെ നിലവിലെ ഓഫീസിൽ നിന്നും റിലീവ് ചെയ്യാൻ ചെറിയ കാലതാമസം ആവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിച്ചവരാണ് കൂടുതലും.
കൂടാതെ, ഒറ്റ കപ്പൽ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യത്തിൽ തങ്ങളുടെ സാധന സാമഗ്രികൾ അടുത്ത കേന്ദ്രത്തിലേക്ക് അടിയന്തരമായി എത്തിക്കുക എളുപ്പമല്ല. ഈ സാഹചര്യങ്ങൾ എല്ലാം കാണിച്ചാണ് സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരിൽ പലരും, അടുത്ത കേന്ദ്രങ്ങളിൽ ജോയിൻ ചെയ്യുന്നതിന് കാലതാമസം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഉദ്യോഗസ്ഥരുടെ തികച്ചും ന്യായമായ ആവശ്യങ്ങളോട് മാനുഷികമായ പരിഗണന നൽകുന്നതിന് പകരം കർശനമായ സമീപനമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ എടുക്കുന്നത്. പകരക്കാരായ ഉദ്യോഗസ്ഥർ എത്തിയാലും ഇല്ലെങ്കിലും സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരെ നിലവിലെ ഓഫീസുകളിൽ നിന്നും റിലീവ് ചെയ്യണം എന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഡിസംബർ മാസത്തെ ശമ്പളം പുതിയ ഓഫീസിൽ എത്തിയ ശേഷം മാത്രമെ നൽകുകയുള്ളൂ.