Image: Ahsani Mubarak
ന്യൂഡൽഹി: ലക്ഷദ്വീപിലേക്കുള്ള യാത്രാ സൗകര്യങ്ങളുടെ അഭാവത്തെപ്പറ്റി നിരന്തരം പരാതികൾ ഉയരുമ്പോഴും ലഭ്യമായ സൗകര്യങ്ങൾ കൂടി വെട്ടി കുറയ്ക്കുകയാണെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. രാജ്യസഭയിൽ ഡോ.വി. ശിവദാസന് നൽകിയ മറുപടിയിലാണ് ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ഇക്കാര്യം സമ്മതിച്ചത്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന ഓൾ വെതർ പാസഞ്ചർ ഷിപ്പ് അഞ്ച് എണ്ണം മാത്രമാണ് മൂന്നുവർഷമായി സർവീസ് നടത്തുന്നത്. 2022 വരെ സർവീസ് നടത്തിവന്ന രണ്ട് ഫെയർ വെതർഷിപ്പ് പൂർണമായും നിർത്തലാക്കി. ഹൈ സ്പീഡ് ക്രാഫ്റ്റ് എട്ടെണ്ണം ഉണ്ടായിരുന്നത് ആറായി കുറച്ചു. അക്കമിട്ടുള്ള ഡോ.വി ശിവദാസന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് വിശദമായ വിവരങ്ങൾ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നൽകിയത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ലക്ഷദ്വീപ് നിവാസികൾ നേരിടുന്നതെന്ന് ഡോ.വി. ശിവദാസൻ എം.പി പ്രതികരിച്ചു.