കവരത്തി: നാലു വർഷമായി നിരന്തരം ആവശ്യപ്പെട്ടിട്ടും ബേപ്പൂരിലേക്ക് യാത്രാ കപ്പൽ സർവീസ് അനുവദിക്കാതെ ലക്ഷദ്വീപ് ഭരണകൂടം. 2021നു ശേഷം യാത്രാ കപ്പലുകൾ ഇല്ലെന്നു മാത്രമല്ല സ്പീഡ് വെസലുകൾക്ക് പോലും ബേപ്പൂരിലേക്ക് അനുമതി നൽകുന്നില്ല. ലക്ഷദ്വീപുകാർക്കു പുറമേ വിവിധ സംഘടനകളും വ്യാപാര സമൂഹവും പലവട്ടം നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂല തീരുമാനം നീളുകയാണ്. ഇതിനാൽ കടുത്ത യാത്രാക്ലേശം നേരിടുകയാണ് ലക്ഷദ്വീപ് നിവാസികൾ. മലബാറിലെ ദ്വീപ് യാത്രക്കാർക്ക് കൊച്ചി തുറമുഖം വഴി മാത്രമേ ഇപ്പോൾ യാത്ര ചെയ്യാനാവൂ. കൊച്ചിയിൽ നിന്നാകട്ടെ 3 കപ്പലുകൾ മാത്രമാണ് നിലവിൽ ദ്വീപിലേക്ക് സർവീസ് നടത്തുന്നത്.
എംവി അമിൻദ്വിവി, എംവി മിനിക്കോയ് എന്നീ കപ്പലുകൾക്കു പുറമേ വലിയപാനി, ചെറിയപാനി, പറളി എന്നീ ഹൈസ്‌പീഡ് വെസലുകളും മുൻപ് ബേപ്പൂരിൽ നിന്നു ദ്വീപിലേക്ക് തുടർച്ചയായി സർവീസ് നടത്തിയിരുന്നു. ഇതിൽ അമിൻദ്വിവി, മിനിക്കോയ് കപ്പലുകൾ കാലപരിധി കഴിഞ്ഞതിനാൽ നിർത്തലാക്കി. ഇതിനു പകരം കപ്പൽ ഏർപ്പെടുത്തിയില്ലെന്നു മാത്രമല്ല സീസണിൽ അതിവേഗ വെസലുകളുടെ യാത്രാ ഷെഡ്യൂളിൽ ബേപ്പൂരിനെ ഉൾപ്പെടുത്തിയതുമില്ല. ഇതാണ് യാത്രാ പ്രതിസന്ധി ഗുരുതരമാക്കിയത്.