കുന്നത്തേരി: പ്രശസ്ത സൂഫിയും, ഖിസ്സപ്പാട്ട് മേഖലയിലെ ക്ലാസിക്കൽ കൃതിയായ യൂസുഫ് ഖിസ്സപ്പാട്ടിന്റെ രചയിതാവുമായ എ.ഐ മുത്തുക്കോയ തങ്ങളുടെ ജന്മദിനം ലക്ഷദ്വീപിന്റെ വായനാ ദിനമായി ആചരിക്കണമെന്ന് ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം ജനറൽ സെക്രട്ടറി ശ്രി.ഇസ്മത്ത് ഹുസൈൻ പറഞ്ഞു. സായിം യൂണിവേഴ്സൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടന്നു വരാറുള്ള എ.ഐ മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡ് സമ്മേളനത്തിൽ ആശംസകൾ നേർന്നു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേയും, രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലെയും ആളുകൾക്ക് സാഹിത്യ മേഖലയിൽ ഒരുപാട് സാംസ്കാരിക നായകന്മാരും മാതൃകാ നേതൃത്വവുമുണ്ട്. എന്നാൽ ലക്ഷദ്വീപിന് സാഹിത്യ സാംസ്ക്കാരിക മേഖലയിൽ എ.ഐ മുത്തുക്കോയ തങ്ങളെ പോലെ മറ്റൊരു മാതൃകയില്ല. യൂസുഫ് ഖിസ്സപ്പാട്ട് എന്ന അദ്ദേഹത്തിന്റെ ഒറ്റ കൃതി മാത്രം വിലയിരുത്തിയാൽ അത് നമുക്ക് മനസ്സിലാക്കാം. യൂസുഫ് ഖിസ്സപ്പാട്ടിലെ സംഗീത തലങ്ങളും, ആത്മീയ വെളിച്ചവും ഒരുപോലെ നമ്മെ ആകർഷിക്കുന്നുണ്ട്. ഒരു സസ്പെൻസ് ത്രില്ലർ വായിക്കുന്നത് പോലെ വായിച്ചിരിക്കാൻ സാധിക്കുന്ന അപാരമായ രചനാ വൈഭവം യൂസുഫ് ഖിസ്സപ്പാട്ടിലെ ഒരോ വരികളിലും നമുക്ക് കാണാം. യൂസുഫ് ഖിസ്സപ്പാട്ടിലെ പ്രണയം, അത് സൂഫിസത്തിന്റേതാണ് എന്നും സൂഫിസം എന്നത് ഇസ്ലാമിന്റെ ആന്തരികമായ സത്തയാണെന്നും ഇസ്മത്ത് ഹുസൈൻ പറഞ്ഞു. എ.ഐ മുത്തുക്കോയ തങ്ങളുടെ ജന്മദിനം ലക്ഷദ്വീപിന്റെ വായനാ ദിനമായി എല്ലാ ദ്വീപുകളിലും ആചരിക്കുകയും അത് സർക്കാർ തലത്തിൽ അംഗീകരിപ്പിക്കുകയും വേണം. അതിനു വേണ്ട നടപടികൾ നൂറുൽ ഇർഫാൻ അറബിക് കോളേജ് ഭാരവാഹികളുടെ ഭാഗത്ത് നിന്നും ഉണ്ടാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്റസാ നൂറുൽ ഇർഫാൻ അറബിക് കോളേജ് മുത്തവല്ലി സയ്യിദ് കെ.പി തങ്ങകോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഡോ.കെ.പി ശൈക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂസുഫ് ഖിസ്സപ്പാട്ടിന്, ആ രചന അർഹിക്കുന്ന ആദരവായി എ.ഐ മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡ് സംഗമങ്ങൾ മാറിയതായി അദ്ദേഹം പറഞ്ഞു. ഉസ്താദ് ഹിദായത്തുള്ളാ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹാഫിസ് സയ്യിദ് ഉബൈദുള്ള ഇർഫാനി പി.എ ഖിറാഅത്ത് നടത്തി.
സമ്മേളനത്തിൽ ഈ വർഷത്തെ എ.ഐ മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡുകൾ സമ്മാനിച്ചു. ഖിസ്സപ്പാട്ട് മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കൊണ്ട് മർഹൂം സി.വി ഹംസ മൗലവി മുള്ളൂർക്കര, സൂഫി ഗാന രചനാ രംഗത്തെ നിസ്തുലമായ സംഭാവനകൾക്ക് അഷ്റഫ് സഅദി പാലപ്പെട്ടി, മദ്ഹ് ഗാന രചനാ രംഗത്തെ മികച്ച സംഭാവനകൾക്ക് നൗഷാദ് ബാഖവി ചിറയിൻകീഴ് എന്നിവർക്ക് ഖാദിരിയ്യത്തു സൂഫിയ്യയുടെ പ്രധാന ഖലീഫ സയ്യിദ് മുഹിയുദ്ദീൻ ബാദുൽ അശ്ഹബ് തങ്ങൾ ഇർഫാനി അവാർഡുകൾ സമ്മാനിച്ചു. മർഹൂം മുള്ളൂർക്കര ഹംസ മൗലവിക്ക് നൽകിയ മരണാനന്തര ആദരം, മകൻ ബഷീർ അഹമദ് ബുർഹാനി ഏറ്റുവാങ്ങി. ജൂറി ചെയർമാൻ കെ.പി സയ്യിദ് ഫളൽ തങ്ങൾ, സയ്യിദ് നൗഫൽ തങ്ങൾ, സയ്യിദ് അബൂ സഈദ് മുബാറക് ഇർഫാനി, ശാഹുൽ ഹമീദ് രാജാ സാഹിബ് നാഗൂർ, ഉൾപ്പെടെയുള്ള സാദാത്തുക്കളുടെയും പണ്ഡിതൻമാരുടെയും സാന്നിധ്യത്തിലാണ് അവാർഡുകൾ സമ്മാനിച്ചത്. 15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങൾ. സൂഫി ഗാന മേഖലയിലെ പ്രമുഖരായ എം.എച്ച് വെള്ളുവങ്ങാട്, എൻ.എ ഗഫൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
അവാർഡ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സൂഫി ഗാനാലാപന മത്സരത്തിൽ തൗഫീർ ഉദരംപൊയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് മുഹ്സിൻ രണ്ടാം സ്ഥാനവും, ഉമറുൽ ഫാറൂഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സൂഫി ഗാനാലാപന മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടയ വിജയികൾക്ക് യഥാക്രമം ₹10001, ₹7501, ₹5001 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകി.
നൂറുൽ ഇർഫാൻ അറബിക് കോളേജ് പ്രിൻസിപ്പാൾ ഉസ്മാൻ അഹ്സനി, ഹംസക്കോയ ബാഖവി ജസരി, അബ്ദുൽ നാസർ ബാഖവി ചേളാരി, ശഫീഖ് ഇർഫാനി പട്ടണക്കാട്, എം.പി ഹസൻ ഇർഫാനി എടക്കുളം, നൂറുൽ ഇർഫാൻ പ്രചരണ സമിതി ആന്ത്രോത്ത് മേഖല പ്രസിഡന്റ് പി.പി പൂക്കോയ തങ്ങൾ, മുൻ എം.പി പി.പി മുഹമ്മദ് ഫൈസൽ, ഫൈസൽ എളേറ്റിൽ, ഗഫൂർ മാവണ്ടിയൂർ, എം.എച്ച് വെള്ളുവങ്ങാട്, എ.എച്ച് താനൂർ, അഫ്സൽ കാപ്പാട്, ആസിഫ് കാപ്പാട്, ചൂർണ്ണിക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദിലീഷ് കുമാർ, ശിവാനന്ദൻ, ശഫീഖ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം സുനീർ, കളമശ്ശേരി മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് ഫെസി, കെ.ബാഹിർ കുന്നാംഗലം, മൗലാനാ കവരത്തി എന്നിവർ പങ്കെടുത്തു. മദ്റസാ നൂറുൽ ഇർഫാൻ അറബിക് കോളേജ് പ്രസിഡന്റ് വി.എച്ച് മുഹമ്മദ് മൗലവി രണ്ടാർക്കര സ്വാഗതവും കെ.കെ ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു.