കൊച്ചി: ലക്ഷദ്വീപിന്റെ നാവിക ഭൂപടത്തിൽ നമ്മുടെ കപ്പലുകളുടെ വളയം പിടിക്കാൻ പുതിയ താരോദയമേയി ക്യാപ്റ്റൻ മുനീർ അഹമദ് കലിഫഗെ ബിദരുഗേ. മിനിക്കോയ് ദ്വീപ് സ്വദേശിയായ ക്യാപ്റ്റൻ മുനീർ അഹമദ് എം.വി കോറൽസ് കപ്പലിൽ ക്യാപ്റ്റനായി കമാൻഡ് ഏറ്റെടുത്തു. നീണ്ട നാളത്തെ നാവിക ജീവിതത്തിൽ നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും ഏറ്റവും പ്രിയപ്പെട്ട മുനീർ സാർ കപ്പിത്താനായി എത്തിയതോടെ മിനിക്കോയ് ദ്വീപുകാർക്കും കപ്പൽ ജീവനക്കാർക്കുമൊപ്പം ലക്ഷദ്വീപിലെ മുഴുവൻ ജനങ്ങളും വലിയ സന്തോഷത്തിലാണ്.
പരേതനായ മുഹമ്മദ് മറിയഗേയുടെയും ഹവ്വ കലിഫഗെ ബിദരുഗേയുടെയും മകനായി ജനിച്ച മുനീർ അഹമദ് മിനിക്കോയ് ദ്വീപിൽ നിന്ന് തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രൈമറി വിദ്യാഭ്യാസം മിനിക്കോയ് സീനിയർ ബേസിക് സ്കൂളിൽ നിന്നും, സെക്കൻഡറി വിദ്യാഭ്യാസം മിനിക്കോയ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നുമായിരുന്നു. തുടർന്ന് കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 2006-ൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിൽ ബി.ടെക്ക് ബിരുദം നേടി.
പിതാവ് മുഹമ്മദ് മറിയഗേയുടെയും സുഹൃത്തും വഴികാട്ടിയുമായ അബ്ദുൽ ഹമീദ് വി.ജിയുടെയും കപ്പൽ ജീവിതത്തിന്റെ സ്വാധീനത്തിലാണ് മുനീർ അഹമദ് നാവിക രംഗത്തേക്ക് തിരിയുന്നത്. 2011-ൽ നോട്ടിക്കൽ സയൻസ് പഠനം പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായ ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു. ഡോ.ഫാരിഷാ ഒ.വിയാണ് ഭാര്യ.
2012-2013 കാലഘട്ടത്തിൽ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എം.ടി ദേശ് ശക്തി, എം.ടി സ്വർണ്ണ ബ്രഹ്മപുത്ര എന്നീ രണ്ടു ടാങ്കർ കപ്പലുകളിലായി ഡെക്ക് കാഡറ്റായി ഔദ്യോഗിക നാവിക ജീവിതം ആരംഭിച്ചു. 2015-ൽ നമ്മുടെ ലക്ഷദ്വീപ് സീ കപ്പലിൽ തേർഡ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച മുനീർ അഹമദിന് 2016-ൽ അതേ കപ്പലിൽ സെക്കൻഡ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. 2018 മുതൽ വിവിധ കപ്പലുകളിലായി ചീഫ് ഓഫീസറായി സേവനമനുഷ്ഠിച്ചു. 2022 ഡിസംബർ ഒൻപതിന് ഫോറിൻ ഗോയിങ്ങ് മാസ്റ്റർ പരീക്ഷ വിജയകരമായി പൂർത്തിയാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോറൽസ് കപ്പലിൽ ക്യാപ്റ്റൻ പ്രതീപ് ജോയിയിൽ നിന്നും ക്യാപ്റ്റൻ കമാന്റ് ഏറ്റെടുത്തത്.
ജീവിത വിജയവഴിയിൽ വെളിച്ചവും വഴികാട്ടിയുമായ അധ്യാപകൻ ഹുസൈൻ അരേപളിഗോത്തി ക്യാപ്റ്റൻ റാങ്ക് സൂചിപ്പിക്കുന്ന യുപല്ലേറ്റ് ക്യാപ്റ്റൻ മുനീർ അഹമദിന് കൈമാറിയത് വികാരനിർഭരമായ രംഗമായിരുന്നു. കരുണാനിധിയായ അള്ളാഹുവിന്റെ അനുഗ്രഹമില്ലാതെ തനിക്ക് ഈ നേട്ടം സാധ്യമാവുമായിരുന്നില്ല എന്ന് ക്യാപ്റ്റൻ മുനീർ അഹമദ് ദ്വീപ് മലയാളിയോട് പറഞ്ഞു. നീണ്ട കഷ്ടപ്പാടുകൾക്ക് ശേഷമുള്ള ഏറെ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. പ്രിയ മാതാവ്, സഹോദരങ്ങൾ, ഭാര്യ, മക്കൾ, എല്ലാവരുടെയും ഉള്ളുരുകിയുള്ള പ്രാർത്ഥനകൾ ഫലം കാണുമ്പോൾ അത് എന്റെ മാത്രം നേട്ടമല്ല. മറിച്ച് ഈ നേട്ടം അവരുടേത് കൂടിയാണ്. -അദ്ദേഹം പറഞ്ഞു.
ഓരോ പരീക്ഷകളുടെയും ഘട്ടങ്ങളിൽ പ്രിയപ്പെട്ട മാതാവ് ഹവ്വ ഉമ്മ തനിക്ക് വേണ്ടി കണ്ണീരിൽ കുതിർന്ന നിരന്തരമായ പ്രാർത്ഥനയിലായിരുന്നു. ഉമ്മയുടെ ആ പ്രാർത്ഥനകൾ തന്നെയാണ് തന്റെ വിജയങ്ങളുടെ ചാലകശക്തി എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ഒപ്പം കാരിരുമ്പു പോലെ ഉറച്ച പിന്തുണയുമായി സഹധർമ്മിണി ഡോ ഫാരിഷയും കൂടെ നിന്നു. ഉയർച്ചയിലും താഴ്ചയിലുമെല്ലാം മുനീറിനെ വിശ്വസിച്ച് കൂടെ നിന്ന ഫാരിഷ, എല്ലാ ഘട്ടത്തിലും പൂർണ്ണമായ പിന്തുണ നൽകി. സഹോദരങ്ങളായ മുഷ്താഖ് അഹമ്മദും മുഷീർ അഹമ്മദും തോളോട് തോൾ ചേർന്ന് നില്ക്കുകയും വേണ്ട സഹായങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റുകയും ചെയ്തു. ജീവിതത്തിന്റെ ശരിയായ ദിശയിലേക്കുള്ള മുന്നേറ്റത്തിന് എല്ലാ ഘട്ടത്തിലും വഴികാട്ടികളായ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ക്യാപ്റ്റൻ മുനീർ അഹമദ് നന്ദിയോടെ സ്മരിക്കുന്നു.
സുഹൃത്തും വഴികാട്ടിയുമായ അബ്ദുൽ ഹമീദ് വി.ജിയാണ് തന്റെ ജീവിതയാത്രയുടെ ദിശ നിർണ്ണയിച്ചത് എന്ന് മുനീർ അഹമദ് പറയുന്നു. കഠിനാധ്വാനത്തോടെ പ്രയത്നിച്ചാൽ, അസാധ്യമായി ഒന്നുമില്ല എന്ന വലിയ പാഠം ജീവിതത്തിൽ ഉടനീളം ഓർത്തു വെക്കാൻ പാകത്തിൽ വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ മനസ്സിലേക്ക് കോറിയിട്ട പ്രിയ ഗുരു ഹുസൈൻ അരേപളിഗോത്തിയെ വീണ്ടും വീണ്ടും അദ്ദേഹം ഓർത്തെടുത്തു. അലിശാ അഹമദ് ഒ.വി, ഐജാസ് അഹമദ് ഒ.വി എന്നിവർ മക്കളാണ്.
കപ്പിത്താനായി ആദ്യമായി മിനിക്കോയ് ദ്വീപിലെത്തിയ മുനീർ അഹമദിന് ഇന്ന് രാവിലെ ജെട്ടിയിൽ ഊഷ്മളമായ സ്വീകരണം നൽകി. വില്ലേജ് മൂപ്പൻമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിച്ചു. ഡെപ്യൂട്ടി കളക്ടർ ബുസർ ജംഹർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസൻ ബൊഡുമുക്കാ ഗോത്തി എന്നിവർ സന്നിഹിതരായിരുന്നു.