
അഗത്തി: ലക്ഷദ്വീപിൽ സ്കൂബ ഡൈവിംഗിനിടയിൽ ഡിംപ്രെഷൻ സിക്ക്നെസ് (Decompression Sickness) ബാധിച്ച മുപ്പതുകാരിയായ വനിതാ വിനോദസഞ്ചാരിയെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള സങ്കീർണ്ണമായ സമുദ്ര രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി കൊച്ചിയിലേക്ക് മാറ്റി. ബംഗാരം ദ്വീപിൽ വെച്ച് നവംബർ 10-നാണ് അപകടമുണ്ടായത്. തുടർന്ന് അടിയന്തര വൈദ്യസഹായത്തിനായി രോഗിയെ അഗത്തിയിലെ ആർ.ജി.എസ്.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗിയുടെ അവസ്ഥയുടെ ഗൗരവം മനസ്സിലാക്കിയ ആശുപത്രി അധികൃതർ ഉടൻതന്നെ ഇന്ത്യൻ നാവികസേനയുടെ വിദഗ്ദ്ധ സംഘത്തിന്റെ സേവനം തേടുകയും പ്രാഥമിക ചികിത്സയുടെ ഭാഗമായി നൂറു ശതമാനം ശുദ്ധമായ ഓക്സിജൻ തെറാപ്പി നൽകി രക്തത്തിലെ നൈട്രജൻ കുമിളകൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ പൂർണ്ണ രോഗമുക്തിക്ക് ഹൈപ്പർബറിക് ഓക്സിജൻ തെറാപ്പി (HBOT) അത്യാവശ്യമാണെന്നും, ലക്ഷദ്വീപിൽ ഇതിനുള്ള സൗകര്യമില്ലാത്തതിനാൽ കൊച്ചിയിലെ തൃതീയ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതുണ്ടെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.
ഉയർന്ന മർദ്ദവ്യതിയാനം രോഗിയുടെ ശരീരത്തിലെ നൈട്രജൻ കുമിളകൾ വികസിക്കുന്നതിനും ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലും ആകാശമാർഗ്ഗമുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. ഇതേതുടർന്ന് ആരോഗ്യ വകുപ്പ്, പോർട്ട് അതോറിറ്റി, ലോക്കൽ പോലീസ്, അഗത്തി-അമിനി ഡെപ്യൂട്ടി കളക്ടർമാർ, നാവികസേന എന്നിവരുടെ നേതൃത്വത്തിൽ സമുദ്രമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്യുകയായിരുന്നു.
തുടർന്ന് അഗത്തിയിൽ നിന്നും ഹൈസ്പീഡ് ബോട്ട് മാർഗ്ഗം കൊച്ചിയിലേക്ക് പുറപ്പെടുന്ന എം.വി. കോറൽസ് കപ്പലിലേക്ക് രോഗിയെ മാറ്റി. പ്രത്യേക മെഡിക്കൽ സംഘത്തിന്റെയും ഓക്സിജൻ സിലണ്ടറുകളുടെയും അകമ്പടിയോടെയായിരുന്നു ഈ യാത്ര. ലക്ഷദ്വീപ് ആരോഗ്യ വകുപ്പിന്റെയും വിവിധ ഏജൻസികളുടെയും സമയബന്ധിതമായ ഇടപെടലിലൂടെയാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.
















