
കവരത്തി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. തലസ്ഥാന ദ്വീപായ കവരത്തിയിൽ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് നടന്നത്. കവരത്തി സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ പ്രഭാത ഭേരി മാർച്ച് ഗാന്ധി സ്ക്വയറിൽ സമാപിച്ചു. മാർച്ചിൽ വിദ്യാർത്ഥികൾ, വനിതകൾ, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് ആളുകൾ അണിനിരന്നു.
ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ചു. അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ഡോ. എസ്. ബി. ദീപക് കുമാർ ഐ.എ.എസ്, ഭരണകൂട സെക്രട്ടറി രാജ് തിലക്, എ.ഡി.ജി.പി. ബി. ശങ്കർ ജയ്സ്വാൾ, തുറമുഖ വകുപ്പ് മേധാവി ഡോ. ഗിരിശങ്കർ, കളക്ടർ ശിവം ചന്ദ്ര എന്നിവർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ലക്ഷദ്വീപ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ സൈക്കിൾ റാലി അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ഡോ. എസ്. ബി. ദീപക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികൾ ആവേശത്തോടെയാണ് റാലിയിൽ പങ്കെടുത്തത്.
കവരത്തിക്ക് പുറമെ മറ്റ് ദ്വീപുകളിലും ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഗാന്ധി ജയന്തി അനുസ്മരണ പരിപാടികൾ നടന്നു. അന്ത്രോത്ത് ദ്വീപിലെ മൂല ബീച്ചിൽ പെൻഷനേഴ്സ് അസോസിയേഷൻ, സായ് (SAI) സ്പോർട്സ് റീജിയണൽ സെന്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ബീച്ച് ശുചീകരണ പരിപാടികളും പൊതുജനങ്ങൾക്കായി ആരോഗ്യ അവബോധ ക്ലാസുകളും സംഘടിപ്പിച്ചു.
















