
ന്യൂഡൽഹി: ലക്ഷദ്വീപിലെ ആദിവാസി ജനവിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിലുണ്ടായിരുന്ന ഭൂമി കൈമാറ്റ നിയമങ്ങളിൽ വിപുലമായ ഭേദഗതികൾ വരുത്താൻ ലക്ഷദ്വീപ് ഭരണകൂടം ഔദ്യോഗികമായി നീക്കം ആരംഭിച്ചു. 1964-ലെ ‘ലക്ഷദ്വീപ്, മിനിക്കോയ്, അമിൻദിവി ദ്വീപുകൾ (പട്ടികവർഗ സംരക്ഷണം) നിയന്ത്രണ’ നിയമത്തിലാണ് പുതിയ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിടുന്നത്. ഇതിനായി തയ്യാറാക്കിയ ഭേദഗതി നിയമാവലി (‘The Laccadive, Minicoy and Amindivi Islands (Protection of Scheduled Tribes) (Amendment) Regulation, 2026’) ലക്ഷദ്വീപ് ഭരണകൂടം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തിനും വിജ്ഞാപനത്തിനുമായി സമർപ്പിച്ചിരിക്കുകയാണ്. ലക്ഷദ്വീപ് ഡിസ്ട്രിക്റ്റ് കളക്ടർ ശിവം ചന്ദ്ര ഒപ്പുവെച്ച കത്തിലൂടെയാണ് ഈ ശുപാർശ കേന്ദ്രത്തിന് കൈമാറിയത്. കാർഷിക ഭൂമിയുടെ വിനിയോഗത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഭൂമി തുണ്ടുതുണ്ടായി പോകുന്നത് തടയാനുമാണ് ഈ നീക്കമെന്നാണ് ഭരണകൂടത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ തദ്ദേശവാസികളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ കൊണ്ടുവരുന്ന ഈ ഭേദഗതി തങ്ങളുടെ പരമ്പരാഗത അവകാശങ്ങളെയും ഭൂമിയിലുള്ള അധികാരത്തെയും ഇല്ലാതാക്കുമോ എന്ന വലിയ ആശങ്കയിലാണ് ലക്ഷദ്വീപ് ജനങ്ങൾ.
പുതിയ ഭേദഗതി പ്രകാരം ലക്ഷദ്വീപിലെ കാർഷിക ഭൂമികൾ വിൽപന നടത്തണമെങ്കിൽ ഇനി മുതൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി നിർബന്ധമാകും. വ്യവസായ സംരംഭങ്ങൾ, വിദ്യാഭ്യാസപരമോ ജീവകാരുണ്യപരമോ ആയ സ്ഥാപനങ്ങൾ, സഹകരണ കൃഷി സംഘങ്ങൾ എന്നിവയ്ക്കോ അല്ലെങ്കിൽ അംഗീകൃത കാർഷികേതര ആവശ്യങ്ങൾക്കോ വേണ്ടി ഭൂമി കൈമാറ്റം ചെയ്യുമ്പോൾ കളക്ടറുടെ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി അനുമതി ലഭിക്കുകയുള്ളൂ. ‘ബോണഫൈഡ്’ അഥവാ യഥാർത്ഥ ആവശ്യമാണെന്ന് കളക്ടർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഭൂമി കൈമാറ്റം സാധ്യമാകൂ എന്ന ഈ നിബന്ധന ഉദ്യോഗസ്ഥർക്ക് അമിതമായ അധികാരം നൽകുമെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ഉന്നയിക്കുന്നു. കൂടാതെ വ്യാവസായിക ആവശ്യങ്ങൾക്കും കാർഷികേതര ആവശ്യങ്ങൾക്കും ഭൂമി അനുവദിക്കാമെന്ന വ്യവസ്ഥകൾ പുറത്തുനിന്നുള്ള കോർപ്പറേറ്റുകൾക്കും വൻകിട വ്യാപാരികൾക്കും ദ്വീപ് നിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ പരോക്ഷമായി വഴിതുറക്കുമെന്നും ജനങ്ങൾ ഭയപ്പെടുന്നു.
ഈ നിയമഭേദഗതിയുടെ കരട് മുൻപ് പ്രസിദ്ധീകരിച്ച സമയത്ത് തദ്ദേശവാസികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ശക്തമായ എതിർപ്പുകളും നിരവധി പരാതികളും ഭരണകൂടത്തിന് ലഭിച്ചിരുന്നു. കരട് വിജ്ഞാപനം മലയാളത്തിലോ മഹൽ ഭാഷയിലോ നൽകാതെ ഇംഗ്ലീഷിൽ മാത്രം നൽകിയതിനെതിരെയും ദ്വീപ് നിവാസികൾ പ്രതിഷേധം അറിയിച്ചിരുന്നു. എന്നിരുന്നാലും പൊതുജനങ്ങൾ ഉന്നയിച്ച ഭൂരിഭാഗം ആക്ഷേപങ്ങളും ആശങ്കകളും പൂർണ്ണമായി തള്ളിക്കൊണ്ടാണ് ഭരണകൂടം ഇപ്പോൾ കേന്ദ്ര അനുമതിക്കായി മുന്നോട്ട് നീങ്ങിയിരിക്കുന്നത്. നിലവിലുള്ള നിയമപരമായ സംരക്ഷണങ്ങൾ ഇല്ലാതാകില്ലെന്ന് ഭരണകൂടം വ്യക്തമാക്കുന്നുണ്ടെങ്കിലും, പരിസ്ഥിതിലോലമായ ദ്വീപുകളിലെ ഭൂമി വൻതോതിൽ വാണിജ്യവൽക്കരിക്കപ്പെടാനും തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങൾ സ്വന്തം മണ്ണിൽ നിന്നും ചൂഷണം ചെയ്യപ്പെടാനും ഈ പുതിയ നിയമം കാരണമാകുമെന്ന ആശങ്കയിലാണ് ദ്വീപ് ജനത.
















