കവരത്തി: ലക്ഷദ്വീപിൽ വിവാദപരമായ കൂട്ടപ്പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ടുപോകുന്ന ദ്വീപ് ഭരണകൂടം പത്ത് ജീവനക്കാരെക്കൂടി നിർബന്ധിത പെൻഷൻ നൽകി സർവീസിൽ നിന്ന് ഒഴിവാക്കി. വിവിധ വകുപ്പുകളിൽ സൂപ്രണ്ട്, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, സ്റ്റെനോഗ്രാഫർ തസ്തികകളിൽ സേവനമനുഷ്ഠിച്ചിരുന്ന എ. ജമീലാബി, എസ്.വി. ഖലീൽ, എം.സി. കുഞ്ഞി, നസീമാബി കെ.പി., പി.പി. ശൗക്കത്തലി, പി.വി.പി. മുഹ്സിൻ, പി.എ. അബ്ദുൽ ഹമീദ്, എൻ. ഹൈദർ, ബി. ബദറുദ്ദീൻ, കെ.കെ. മൂസ എന്നിവർക്കെതിരെയാണ് സ്പെഷ്യൽ സെക്രട്ടറി പത്മാകർ റാം ത്രിപാഠി പുതിയ ഉത്തരവിറക്കിയത്. ഇവർ സർവീസിൽ തുടരുന്നത് പൊതുജന താല്പര്യത്തിന് (പബ്ലിക് ഇൻട്രസ്റ്റ്) വിരുദ്ധമാണെന്ന റിവ്യൂ കമ്മിറ്റി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഫണ്ടമെന്റൽ റൂൾ 56(ജെ), റൂൾ 42 ഓഫ് സി.സി.എസ്. പെൻഷൻ റൂൾ 2021 പ്രകാരമാണ് ഈ അടിയന്തര നടപടി. കഴിഞ്ഞ രണ്ടാം തീയതി 47 പേരെ സമാന രീതിയിൽ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം.

​എന്നാൽ, തങ്ങളുടെ ദീർഘകാലത്തെ ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽ പോലും കൃത്യവിലോപമോ വീഴ്ചയോ വരുത്താത്തവരും, ഒരു മെമ്മോ പോലും കൈപ്പറ്റേണ്ടി വന്നിട്ടില്ലാത്തവരുമായ മികച്ച ഉദ്യോഗസ്ഥരെയാണ് പൊതുജന താല്പര്യത്തിന്റെ പേരുപറഞ്ഞ് ഭരണകൂടം പടിയിറക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥ മേലാളന്മാരുടെ ഇത്തരം ഏകപക്ഷീയവും ജനദ്രോഹപരവുമായ നടപടികൾ ദ്വീപ് നിവാസികളെ സാമ്പത്തികമായി തകർക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്. ഭരണകൂടത്തിന്റെ ഈ കൂട്ടപ്പിരിച്ചുവിടൽ നീക്കങ്ങൾക്കെതിരെ ലക്ഷദ്വീപിലെ പൊതുജനങ്ങൾക്കിടയിൽ കടുത്ത അമർഷവും പ്രതിഷേധവും പുകയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here