കവരത്തി: ലക്ഷദ്വീപിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് പവാർ വിഭാഗത്തിൻ്റെ (NCP SP) നേതൃത്വത്തിൽ വിവിധ ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകളിലേക്ക് ശക്തമായ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ 56 (ജെ) ചട്ടം മുൻനിർത്തി പിരിച്ചുവിടുന്ന ഭരണകൂട നടപടികൾക്കെതിരെയും, സ്വകാര്യ ഭൂമികളുടെ ഡൈവേർഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള പുതിയ അഡ്മിനിസ്ട്രേഷൻ പരിഷ്കാരങ്ങൾക്കുമെതിരെയാണ് ദ്വീപുവാസികളെ അണിനിരത്തി പാർട്ടി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ആന്ത്രോത്ത് ദ്വീപിലെ ഡെപ്യൂട്ടി കളക്ടറുടെ (ഡിസി) ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മുൻ ലക്ഷദ്വീപ് എംപിയും എൻസിപി (എസ്‌പി) നാഷണൽ ജനറൽ സെക്രട്ടറിയുമായ പി.പി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രകടനമായി എത്തിയ പാർട്ടി നേതാക്കൾ അഡ്മിനിസ്ട്രേഷന് സമർപ്പിക്കാനുള്ള പ്രത്യേക നിവേദനം ഡെപ്യൂട്ടി കളക്ടർ കുൽദീപ് സിംഗ് ഠാക്കൂറിന് കൈമാറി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തുടർച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ ഉത്തരവുകൾക്കെതിരെ മൗനം പാലിക്കുന്ന നിലവിലെ എംപി ഹംദുള്ളാ സഈദും ഇന്നത്തെ ദ്വീപുവാസികളുടെ പ്രതിസന്ധികൾക്ക് അഡ്മിനിസ്ട്രേഷനോടൊപ്പം ഒരുപോലെ ഉത്തരവാദിയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ് ഫൈസൽ കുറ്റപ്പെടുത്തി.

Advertisement

നാട്ടിൽ ഒരു ജനപ്രതിനിധി ഉണ്ടായിരിക്കെ, യാതൊരുവിധ ചർച്ചകളും കൂടാതെ തലസ്ഥാനത്തെ സഞ്ചാരപാതകൾ രാത്രിക്ക് രാത്രി അടച്ചിടാൻ ഉദ്യോഗസ്ഥർക്ക് എങ്ങനെ ധൈര്യം വരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ദ്വീപുവാസികളിൽ സ്ഥിരനിയമിതരായ കേന്ദ്രസർക്കാർ ജീവനക്കാരെ ഒരു മുന്നറിയിപ്പും കൂടാതെ 56-ജെ ചട്ടത്തിന്റെ പേരിൽ പിരിച്ചുവിടുന്നത് രാജ്യത്ത് തന്നെ കേട്ടുകേൾവിയില്ലാത്ത നീതിനിഷേധമാണ്. ലക്ഷദ്വീപ് നിവാസികളുടെ ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ ഓർഡറുകൾ കുടിയൊഴിപ്പിക്കലിന് സമാനമായ സാഹചര്യങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ചെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം ഉൾപ്പെടെ ലക്ഷദ്വീപ് നിവാസികളുടെ സർവ്വ മേഖലകളിലും നിലവിലെ അഡ്മിനിസ്ട്രേഷൻ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്നും മുഹമ്മദ് ഫൈസൽ വ്യക്തമാക്കി.

 

ഇത്തരം ജനദ്രോഹ നടപടികൾക്കെതിരെ മുന്നിൽ നിന്ന് ജനങ്ങൾക്ക് തുണയാകേണ്ട തെരഞ്ഞെടുക്കപ്പെട്ട ലക്ഷദ്വീപിൻ്റെ ഏക പ്രതിനിധി ഹംദുള്ളാ സഈദ് ബോധപൂർവ്വം മൗനം അവലംബിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ജനവിരുദ്ധ നീക്കങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ എൻസിപി (എസ്‌പി) യെ കിട്ടില്ലെന്നും വരും ദിവസങ്ങളിൽ പത്ത് ദ്വീപുകളിലും കേരളത്തിലുമായി വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഒപ്പം ശക്തമായ നിയമപോരാട്ടം തുടരുമെന്നും മുഹമ്മദ് ഫൈസൽ നയം വ്യക്തമാക്കി. ആന്ത്രോത്തിൽ നടന്ന പ്രതിഷേധ മാർച്ചിന് എൻസിപി (എസ്‌പി) യൂണിറ്റ് വൈസ് പ്രസിഡന്റ് യു.കെ. കുഞ്ഞിക്കോയ, സെക്രട്ടറി ഡോ. ബഷീർ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കോയ അപ്പുര, മുൻ പ്രസിഡന്റ് ടി. ഹുസൈൻ തുടങ്ങിയ പ്രമുഖ നേതാക്കൾ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here