
അഗത്തി: ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കുന്ന സീപ്ലൈൻ സർവീസുകൾക്ക് തുടക്കമാകുന്നു. കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഈ പദ്ധതിയിൽ, ഇന്ത്യയിലെ ആദ്യത്തെ സീപ്ലൈൻ ടിക്കറ്റിങ് ഏജൻസിയായി ലക്ഷദ്വീപിൽ നിന്നുള്ള ലാൻഡിയാഗോ പ്രൈവറ്റ് ലിമിറ്റഡ് (Landiago Pvt Ltd) അംഗീകാരം നേടി. ഇതോടെ സീപ്ലൈൻ ടിക്കറ്റുകൾ ഇനി ലാൻഡിയാഗോ വഴി യാത്രക്കാർക്ക് എളുപ്പത്തിൽ ബുക്ക് ചെയ്യാവുന്നതാണ്.

ദ്വീപുകൾ തമ്മിലുള്ള യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പേനി, കവരത്തി, അഗത്തി, കിൽത്താൻ, കടമം എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ആദ്യഘട്ടത്തിൽ സർവീസ് ആരംഭിക്കുന്നത്. നിലവിൽ ദ്വീപ് നിവാസികളും സഞ്ചാരികളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ അന്തർ-ദ്വീപ് യാത്രാ സൗകര്യങ്ങൾക്ക് സീപ്ലൈൻ കണക്റ്റിവിറ്റി വലിയൊരു ആശ്വാസമാകും. ടൂറിസം മേഖലയുടെ വളർച്ചയ്ക്കും അടിയന്തര യാത്രാ ആവശ്യങ്ങൾക്കും ഈ പുതിയ സംവിധാനം വലിയ കുതിപ്പേകുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് സമൂഹം.
















