ബംഗാരം: അഗത്തിയിൽ നിന്നും ബംഗാരത്തേക്ക് പിക്നിക് പോയ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികൾ കടലിൽ മുങ്ങി മരണപ്പെട്ടു. സി.പി.എം നേതാവ് ഷരീഫ് ഖാന്റെയും ഭാര്യ ഫസീലാ ടീച്ചറുടെയും മകൻ മുഹമ്മദ് ഫവാദ് ഖാൻ, മുള്ളിപ്പുര റഹ്മത്തുള്ളയുടെയും കീളാപുര സീനത്തുന്നിസ ടീച്ചറുടെയും മകൻ അഹമദ് സഹാൻ സൈദ് എന്നിവരാണ് മരണപ്പെട്ടത്.
രക്ഷിതാക്കളോടൊപ്പം ബംഗാരം ദ്വീപിലേക്ക് പിക്നിക് പോയതായിരുന്നു. കളിക്കുന്നതിനിടെ ബില്ലത്തിൽ വീഴുകയായിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആദ്യം മുഹമ്മദ് ഫവാദ് ഖാനെയും പിന്നീട് അഹമദ് സഹാൻ സൈദിനെയും കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ കുട്ടികളിൽ ഒരാൾക്ക് ശ്വാസം ഉണ്ടായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ട്രെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയ ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അൽപ സമയം മുൻപ് അഗത്തി ദ്വീപിൽ എത്തിച്ചു.