കോഴിക്കോട്: ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് ദിവസേന യാത്രാ സർവീസ് നടത്തുന്നതിനായുള്ള സ്വകാര്യ യാത്രാക്കപ്പൽ ‘തേജ’ ബേപ്പൂർ തുറമുഖത്തെത്തിച്ചേർന്നു. ഒരേസമയം 250 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ഈ കപ്പലിന്റെ ഔദ്യോഗിക നടപടികളും ആവശ്യമായ അനുമതികളും വേഗത്തിൽ പൂർത്തിയാക്കി ഈ മാസം തന്നെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

​കേരളത്തിന്റെ സമുദ്രഗതാഗത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവെച്ച ‘മിഷൻ സമുദ്ര’ എന്ന വികസന കാഴ്ചപ്പാടിന് വലിയ കരുത്തുപകരുന്നതാണ് ഈ സ്വകാര്യ സംരംഭം. സംസ്ഥാനത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരദേശവും തുറമുഖങ്ങളും നദികളും ഉൾനാടൻ ജലപാതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തി പുതിയ സാമ്പത്തിക-വാണിജ്യ അവസരങ്ങളും വികസന മാതൃകകളും സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

​പദ്ധതിക്ക് നേതൃത്വം നൽകുന്ന ശുഭം എന്റർപ്രൈസസ് ഉടമയും സിഇഒയുമായ ഡോ. സുന്ദരരാജ് പൊന്നുസാമി, നാഷണൽ ട്രേഡേഴ്‌സ് വെൽഫെയർ ബോർഡ് അംഗം സിറാജുദ്ദീൻ ഇല്ലത്തോടി എന്നിവർ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പദ്ധതിയുടെ പുരോഗതിയും പ്രാധാന്യവും ധരിപ്പിച്ചു. മുഖ്യമന്ത്രി നൽകിയ നിർദേശങ്ങളും പ്രോത്സാഹനങ്ങളും ഉൾക്കൊണ്ടാണ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

​കേവലം ഒരു ഗതാഗത സംവിധാനം എന്നതിലുപരി കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ വലിയ വികസന സാധ്യതകൾ തുറക്കുന്നതാണ് ഈ പുതിയ സർവീസ്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം തുടങ്ങിയ ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഈ സർവീസ് സഹായകമാകും. ഒപ്പം ഇരു പ്രദേശങ്ങളും തമ്മിലുള്ള സാമ്പത്തിക-സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കാനും ചരിത്രപ്രസിദ്ധമായ ബേപ്പൂർ തുറമുഖത്തിന്റെ യാത്രാ-സഞ്ചാര മേഖലയിലെ മുഖച്ഛായ മാറ്റാനും ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടപ്പാട്: മീഡിയ വൺ 

LEAVE A REPLY

Please enter your comment!
Please enter your name here