
കവരത്തി: ലക്ഷദ്വീപ് സമുദ്ര മത്സ്യബന്ധന ചട്ടം, 2026 പ്രകാരം സാധുവായ ലൈസൻസില്ലാതെ ലക്ഷദ്വീപ് സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയതിന് കേരളത്തിലെ കോഴിക്കോട് ചാലിയം സ്വദേശിയായ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള ‘അൽ ഹിലാൽ’ (രജിസ്ട്രേഷൻ നമ്പർ: IND-KL-07-MM-8501) എന്ന മത്സ്യബന്ധന ബോട്ടിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചു. ആന്ത്രോത്ത് ദ്വീപിന് സമീപം സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിത്തം നടത്തിയതിനെത്തുടർന്നാണ് നടപടി.
നവംബർ 5-ന് ആന്ത്രോത്ത് ദ്വീപിൽ നിന്നും 12 നോട്ടിക്കൽ മൈലിനുള്ളിൽ വെച്ചാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ രജിസ്റ്റർ ചെയ്യുകയും ഫിഷിംഗ് ലൈസൻസ് ഉണ്ടാവുകയും ചെയ്തിട്ടും, ലക്ഷദ്വീപ് സമുദ്ര മത്സ്യബന്ധന ചട്ടം, 2026 പ്രകാരം ഈ പ്രദേശത്ത് മത്സ്യബന്ധനം നടത്താനുള്ള സാധുവായ അനുമതി ഈ ബോട്ടിന് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. പരിശോധനയിൽ ബോട്ടിൽ നിന്ന് ഏകദേശം 1500 കിലോഗ്രാം നിരോധിത ഡ്രിഫ്റ്റ് ഗിൽ നെറ്റുകളും (വലകളും), 17 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മത്സ്യങ്ങൾ ആന്ത്രോത്ത് ഫിഷറീസ് യൂണിറ്റ് വഴി 670 രൂപയ്ക്ക് വിൽപന നടത്തുകയും ഇതിന്റെ രസീത് രേഖകളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ലക്ഷദ്വീപ് മറൈൻ ഫിഷറീസ് റെഗുലേഷൻ, 2026 ലെ സെക്ഷൻ 13(4) പ്രകാരമാണ് കേസിൽ അഡ്ജുഡിക്കേറ്റിംഗ് ഓഫീസർ അന്വേഷണം നടപ്പിലാക്കുന്നത്. ചട്ടങ്ങൾ ലംഘിച്ചതിന് എതിരെ നടപടിയെടുക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ, നോട്ടീസ് ലഭിക്കുന്ന തീയതി മുതൽ മുപ്പത് ദിവസത്തിനകം രേഖാമൂലമുള്ള വിശദീകരണവും അനുബന്ധ രേഖകളും സമർപ്പിക്കാൻ ബോട്ട് ഉടമയോട് നിർദ്ദേശിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി നൽകുന്നതിൽ പരാജയപ്പെട്ടാൽ, ലഭ്യമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടറും അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുമായ മുകുന്ദ് വല്ലഭ് ജോഷി അറിയിച്ചു.
















